വീട്ടില്‍പോയി ഫൈന്‍ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഇരിങ്ങാലക്കുട: ഹെല്‍മെറ്റ് വയ്ക്കാതെയും ലൈസന്‍സ് ഇല്ലാതെയും ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയും ചെക്കിംഗില്‍ നിര്‍ത്താതെ പോവുകയും ചെയ്ത വിദ്യാര്‍ഥികളെ വീട്ടില്‍ പോയി ഫൈന്‍ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇരിങ്ങാലക്കുടയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് സേഫ് കേരള മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചെക്കിംഗിനിടെ ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ വന്നവരെയും വാഹനം നിര്‍ത്താതെ ഓടിച്ചുപോയവരെയും അഡ്രസ് എടുത്ത് വീട്ടില്‍ ചെന്ന് കൈയോടെ പിടികൂടി.
ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ഥി, സഹപാഠിയായ വിദ്യാര്‍ഥിനിയുടെ വാഹനം കുറച്ചുനേരത്തേക്ക് ഉപയോഗിക്കാന്‍ എടുത്തതായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സ്റ്റോപ്പ് സിഗ്‌നല്‍ അവഗണിച്ചതും ലൈസന്‍സ് ഇല്ലാത്തതിനും 12,500 രൂപ പിഴയടച്ചാണ് വാഹനം വിട്ടുനല്‍കിയത്. മറ്റൊരു കേസില്‍ രാവിലെ കോളജിലേക്ക് പോയ വിദ്യാര്‍ഥിയാണു സ്റ്റോപ്പ് സിഗ്‌നല്‍ അവഗണിച്ചത്. ഇയാള്‍ക്കു ലൈസന്‍സ് ഉണ്ടായിരുന്നുവെങ്കിലും മുമ്പ് ഒരപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായിരുന്നു. ഇതു കാന്‍സല്‍ ചെയ്യാന്‍ നടപടിയുമായി മുന്നോട്ട് പോകുന്നു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിന് മൂന്നുപേര്‍ക്ക് 2000 രൂപയും അമിത വേഗത്തില്‍ പോയതിന് 1500 രൂപയും ഫൈന്‍ ഈടാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് ഇല്ലാത്ത 10 പേരെയും ഹെല്‍മെറ്റ് ഇല്ലാത്ത 108 പേരെയും പിടികൂടി. വാഹന പരിശോധനയ്ക്ക് എംവിഐമാരായ ബിജോയ് പീറ്റര്‍, സുരേഷ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഘത്തില്‍ എഎംവിഐമാരായ പി.പി. പ്രവീണ്‍, എം.ആര്‍. അരുണ്‍, ടി.പി. സനീഷ് എന്നിവരും ഉണ്ടായിരുന്നു. കൈ കാണിച്ചിട്ട് നിര്‍ത്താത്തവര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ നിര്‍ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍