ഏഴ് ലക്ഷം ലിറ്റര്‍ പാല്‍കൂടി ഉത്പാദിപ്പിച്ചാല്‍ സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാകും: മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ ക്ഷീര മേഖലയിലെ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്‍.കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ച സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പാല്‍ ശേഖരണം, സംസ്‌കരണം തുടങ്ങി ക്ഷീര മേഖലയില്‍ അനവധി സാങ്കേതിക വിദ്യകളുണ്ട്. ഉത്പാദനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ക്ഷീര കര്‍ഷകര്‍ സ്വായത്തമാക്കണം. സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് നേരില്‍കണ്ട് മനസിലാക്കാനാണ് ക്ഷീരസംഗമങ്ങള്‍ നടത്തുന്നത്.സഹകരണമേഖലയിലെ പാല്‍സംഘങ്ങള്‍ പാല്‍ അധിഷ്ഠിത വ്യവസായത്തിലേക്കു കടക്കണം. പാല്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള അവസരം സംസ്ഥാനത്തുണ്ട്. ഏഴ് ലക്ഷം ലിറ്റര്‍ പാല്‍കൂടി ഉത്പാദിപ്പിച്ചാല്‍ സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു.ആര്‍സിഇപി കരാര്‍ ഒപ്പിട്ടാല്‍ കുറഞ്ഞ വിലയ്ക്ക് വിദേശ പാല്‍ വരുന്നത് സംസ്ഥാനത്തെ ക്ഷീരമേഖലയെ തകര്‍ക്കുന്നതിനാല്‍ ക്ഷീരസംഗമത്തില്‍ ഇതിനെതിരായ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി കെ. രാജു പറഞ്ഞു.ദീപിക കാസര്‍ഗോഡ് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ശ്രീജിത് കൃഷ്ണന് ക്ഷീരവികസന വകുപ്പിന്റെ 2019ലെ മികച്ച ഫീച്ചറിനുള്ള 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചടങ്ങില്‍വച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ സമ്മാനിച്ചു.വയനാടിന്റെ ക്ഷീരമേഖലയില്‍ അതിജീവനത്തിന്റെ പുതിയ പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയ ഡൊണേറ്റ് എ കൗ ചലഞ്ചിനെക്കുറിച്ചുള്ളതായിരുന്നു ഫീച്ചര്‍.വി.കെ. പ്രശാന്ത് എംഎല്‍എ പതാക ഉയര്‍ത്തി. ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കല്ലട രമേശ്, എന്‍. ഭാസുരാംഗന്‍, എസ്. അയ്യപ്പന്‍നായര്‍, ഷീജ പ്രദീപ്, മുണ്ടപ്പള്ളി തോമസ്, പി. പ്രശാന്ത്, വര്‍ഗീസ് നാടാര്‍, ജോസ് ഫ്രാങ്ക്‌ളി, ജെ.എസ്. ജയസുധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍