കുമ്പളങ്ങിനൈറ്റ്‌സൊക്കെ കാണുമ്പോഴാണ് വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നത്: പ്രിയദര്‍ശന്‍

മലയാളത്തിലെ പുതുതലമുറ സിനിമകളെ പ്രശംസിച്ച് പ്രിയദര്‍ശന്‍. മലയാളത്തിന്റെ യുവനിര ഏറെ മികച്ച സിനിമകളാണ് സംഭാവന ചെയ്യുന്നതെന്നും പ്രിയദര്‍ശന്‍. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെയധികം റിയലിസ്റ്റിക്കായതായും ഇത്തരം സിനിമകള്‍ കാണുമ്പോള്‍ സ്വയം വിരമിക്കാന്‍ സമയമായതായി ആലോചിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കാത്തത്. എത്ര താല്‍പര്യത്തോടെയാണ് ആളുകള്‍ സിനിമയെടുക്കുന്നത്. പിന്നെ, മലയാള സിനിമയിലെ പെര്‍ഫോമന്‍സ് എന്ന് പറയുന്നത് റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. ശരിക്കും പറഞ്ഞാല്‍ എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി, പുതിയ തലമുറക്ക് സിനിമ വിട്ടുകൊടുക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മലയാളത്തിലെ പുതുതലമുറ ബ്രില്യന്റ് സിനിമകളാണ് എടുത്തുകൊണ്ടിരിക്കുന്നത്', പ്രിയദര്‍ശന്‍ പറഞ്ഞു.അതേസമയം പഴയ തലമുറയിലെ നടന്മാരുടെ കൂടെ കിടപിടിക്കാന്‍ കഴിയുന്നവര്‍ ഈ തലമുറയില്‍ ഉണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍