കേരളത്തില്‍ വനിതാ ക്രിക്കറ്റ് സ്മാര്‍ട്ടാകുന്നു

തിരുവനന്തപുരം : വനിതാ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാക്കാനും, കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2020-21 വര്‍ഷത്തെ വനിതാ ക്രിക്കറ്റ് കലണ്ടര്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളും, ടൂര്‍ണമെന്റുകളും നടപ്പിലാക്കും. വനിതകളുടെ എല്ലാ മത്സരങ്ങളും ഇനി വെള്ള പന്തിലും,കളര്‍ഡ്രസിലുമാകും നടക്കുക. ട്വന്റി20, ഏകദിന ഫോര്‍മാറ്റുകളിലാകും മത്സരങ്ങള്‍. വനിതാ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താന്‍ ടാലെന്റ് ഹണ്ട്, സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി പ്രഥമ വിമന്‍സ് ക്രിക്കറ്റ് കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്. സുനു മാത്യുവാണ് ചെയര്‍പേഴ്‌സണ്‍, ദീപ,സരിത മനോജ്, സോണിയാമോള്‍, റിന്‍സി എന്നിവരാണ് അംഗങ്ങള്‍. ഏപ്രില്‍ ആദ്യം 'വനിത സമ്മര്‍ ലീഗോടു കൂടിയാണ് സീസണ്‍ ആരംഭിക്കുക.ഏകദിന ഫോര്‍മാറ്റില്‍ സീനിയര്‍ ടീമും, അണ്ടര്‍ 23 ടീമും തമ്മിലാണ് മത്സരം .ഏപ്രില്‍ അവസാനത്തോടെ നാല് ടീമുകളുടെ വനിതാ ക്രിക്കറ്റ് ലീഗ് നടത്തും. ട്വന്റി20 ഫോര്‍മാറ്റില്‍ നടക്കുന്നലീഗില്‍ കേരളത്തിലെ വനിതാ താരങ്ങള്‍ നാല് ടീമുകളായി ഏറ്റുമുട്ടും. ഓരോ ടീമിന്റെയും ഐക്കണ്‍ താരം ക്യാപ്ടനാകും.അണ്ടര്‍ 16, 19, 23 ടീമുകളുടെ അന്തര്‍ ജില്ലാ മത്സരങ്ങള്‍ സോണല്‍ രീതിമാറ്റി ക്ലസ്റ്റര്‍ മാതൃകയില്‍ നടത്തും. ടീമുകള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ക്ലസ്റ്റര്‍ മാതൃകയിലേക്ക് മാറുന്നത്.തിരഞ്ഞെടുത്ത താരങ്ങള്‍ക്ക് ജൂണ്‍ മാസം കണ്ടീഷനിംഗ് ക്യാമ്പുകള്‍ നടത്തും.മഴക്കാലത്ത് കളികള്‍ തടസപ്പെടതിരിക്കാന്‍ കേരളത്തിന് പുറത്ത് കേരളത്തിലെ വിവിധ ടീമുകള്‍ തമ്മില്‍ എവേ ലീഗ് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍