നഗരസഭകളിലെ വാര്‍ഡ് വിഭജനത്തിനെതിരെ മുസ്‌ലിം ലീഗ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നഗരസഭകളിലെ വാര്‍ഡ് വിഭജനത്തിനെതിരെ മുസ്‌ലിം ലീഗ് ഹൈക്കോടതിയിലേക്ക്. പുതുതായി രൂപവല്‍ക്കരിച്ച 28 നഗരസഭകളിലെ ജനപ്രതിനിധികളാണ് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഒരു സെന്‍സസിന്റെ കാലയളവില്‍ രണ്ട് തവണ വാര്‍ഡ് വിഭജനം പാടില്ലെന്ന വാദമാണ് മുസ്‌ലിം ലീഗ് ഉയര്‍ത്തുന്നത്. 2011ലെ സെന്‍സസ് മാനദണ്ഡമാക്കി 2015ല്‍ പുതുതായി രൂപീകരിച്ച നഗരസഭകളിലെ മുസ്‌ലിം ലീഗ് പ്രതിനിധികളാണ് വാര്‍ഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. സെന്‍സസ് നിയമപ്രകാരം സെന്‍സസ് ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വാര്‍ഡുകളില്‍ ഒരു മാറ്റവും വരുത്തരുതെന്നാണ് ചട്ടം. അടുത്ത വര്‍ഷം സെന്‍സസ് നടത്താനിരിക്കെ ഇപ്പോള്‍ വാര്‍ഡ് വിഭജനം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന ആക്ഷേപത്തിലാണ് ലീഗ്. ഒരു സെന്‍സസ് കാലയളവില്‍ രണ്ട് വാര്‍ഡ് വിഭജനമെന്നത് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 2021ലെ സെന്‍സസ് കഴിയുമ്പോള്‍ നിര്‍ബന്ധമായും വാര്‍ഡ് വിഭജനം നടത്തണമെന്ന് ഉറപ്പായിരിക്കെ ഇപ്പോള്‍ നടത്തുന്ന വിഭജനം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദവും ഉന്നയിക്കുന്നുണ്ട്. വാര്‍ഡുകള്‍ക്ക് നമ്പരിടുന്ന പ്രക്രിയകള്‍ക്ക് 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ഇതിനകം പല നഗരസഭകളും ചെലവഴിച്ച് കഴിഞ്ഞു. വാര്‍ഡ് വിഭജനം നടന്നാല്‍ നമ്പരുകളെല്ലാം മാറ്റേണ്ടിവരും.20000 ആളുകള്‍ക്ക് 25 വാര്‍ഡ് എന്നത് 26 വാര്‍ഡാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍