വോട്ടര്‍ ഐഡി-ആധാര്‍ ബന്ധിപ്പിക്കല്‍ ഉടന്‍

 ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന് വൈകാതെ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഒരു മാസത്തിനകം ചേരുന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കിയേക്കുമെന്നു കേന്ദ്ര നിയമ മന്ത്രാലയം സൂചന നല്‍കി. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷനു നിയമപരമായ അധികാരം (സ്റ്റാറ്റിയൂട്ടറി അഥോറിറ്റി) നല്‍കാനുള്ള നിയമ ഭേദഗതിക്കായുള്ള മന്ത്രിസഭാ കുറിപ്പിനു നിയമമന്ത്രാലയം ഉടന്‍ അന്തിമരൂപം നല്‍കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലാവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതരെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. നിയമമന്ത്രാലയത്തിലെ ലജിസ്ലേറ്റീവ് വകുപ്പ് സെക്രട്ടറി നാരായണ്‍ രാജു, അഡീഷണല്‍ സെക്രട്ടറി റീത്ത വസിഷ്ഠ് എന്നിവരുമായി തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ഇതിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍