പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം

ന്യൂഡല്‍ഹി:എന്‍.പി.ആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം. പൌരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാന്‍ സെന്‍സസ് മതി, എന്‍.പി.ആറിന്റെ ആവശ്യമില്ല. സംസ്ഥാനസര്‍ക്കാരുകള്‍ മുന്‍കൈയ്യെടുത്താല്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനാകും. കേരളവും ബംഗാളും ഇതിന്റെ ഉത്തമ ഉദാഹരണമാണ്. എന്‍പിആറിനെ രാഷ്ട്രീയമായി നേരിടണമെന്നും ചിദംബരം പറഞ്ഞു. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍, ദേശീയ ജസസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.ചിദംബരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍