മരട് ഫ്‌ളാറ്റ്: മാലിന്യനീക്കം മാനദണ്ഡങ്ങള്‍ പാലിക്കാതെ: ഹരിത ട്രിബ്യൂണല്‍

കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഫ്‌ളാറ്റുകളിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന നിരീക്ഷകസമിതി ചെയര്‍മാന്‍ ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ജോലിളുടെ പുരോഗതി വിലയിരുത്തുന്നതിനായി രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ ആദ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനീക്കം നടക്കുന്ന സ്ഥലങ്ങളില്‍ 18ന് പരിശോധന നടത്തിയിരുന്നു. 24ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിരീക്ഷക സമിതി യോഗത്തില്‍ മലിനീകരണം ഒഴിവാക്കാന്‍ മരട് നഗരസഭയ്ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. അതില്‍ ഭൂരിഭാഗവും പാലിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജസ്റ്റീസ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് പൂര്‍ത്തിയായാല്‍ 70 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാമെന്നാണ് കരാറെടുത്തിട്ടുള്ളവര്‍ പറയുന്നത്. ഇത്രയും നീണ്ട അവധി നല്‍കാനാവില്ല. എത്ര ദിവസത്തിനകം മാലിന്യം നീക്കാന്‍ കഴിയുമെന്നത് കാണിച്ച് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, മരട് നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കണം. മാലിന്യനീക്കം സംബന്ധിച്ച വ്യക്തമായ കര്‍മപദ്ധതി കരാറുകാര്‍ തയാറാക്കി നഗരസഭയെ ഏല്‍പിച്ചിട്ടുണ്ട്. ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ച് അനന്തരനടപടി സ്വീകരിക്കും. രാത്രികാലങ്ങളില്‍ പല ലോഡുകളും കൃത്യമായി മൂടാതെയാണ് കൊണ്ടുപോകുന്നത്. ഇത് കണ്ടെത്താന്‍ പോലീസിനെ ജാഗരൂഗരാക്കണമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അനധികൃതമായി ഭൂമി നികത്തുന്നതിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
എത്ര ടണ്‍ മാലിന്യം കൊണ്ടു പോകുന്നുണ്ടെന്നും അത് ശേഖരിക്കുന്ന സ്ഥലത്ത് കൃത്യമായി എത്തുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. നിലവില്‍ ക്രഷറിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുപോയി പൊടിച്ച് മണലും തറയോടും ഹോളാ ബ്രിക്കുകളും ഉണ്ടാക്കുകയാണ്. മാലിന്യനീക്കം പുരോഗമിക്കുന്ന ഗോള്‍ഡന്‍ കായലോരത്ത് പമ്പ് ചെയ്യുന്ന വെള്ളം തിരികെ കായലിലെത്തി മത്സ്യങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാലിന്യം മീനുകളുടെ ചെകിളയില്‍ അടിഞ്ഞു കൂടി അവയുടെ പ്രജനനത്തെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പൊടി ശമിപ്പിക്കുന്നതിനായി പമ്പ് ചെയ്യുന്ന വെള്ളം തിരികെ കായലിലേക്ക് ഒഴുക്കിക്കളയേണ്ട സഹചര്യമുണ്ടായാല്‍ വെള്ളം ടാങ്കില്‍ ശേഖരിച്ച് ശുദ്ധീകരിച്ചശേഷം വേണമെന്നും അദ്ദേഹം പറഞ്ഞു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍