നക്‌സലൈറ്റ് വര്‍ഗീസ് എന്ന വിപ്ലവകാരി

നക്‌സല്‍ വര്‍ഗീസിനെ ഓര്‍മയില്ലെ. 1960 കളില്‍ വയനാട്ടിലെ ആദിവാസികളെയും പാവപ്പെട്ടവരെയും ജന്മികളുടെയും ഭൂപ്രഭുക്കളുടെയും ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാനും അവര്‍ക്കായൊരു സ്വര്‍ഗം സ്വപ്നം കണ്ടും നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിതിരിച്ച് അവസാനം തിരുനെല്ലിക്കാട്ടില്‍ വെച്ച് പോലീസിന്റെ വെടിയുണ്ടകള്‍ക്കിരയായ യുവ വിപ്ലവകാരി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരധ്യായമത്രെ നക്‌സല്‍ വര്‍ഗീസിന്റെ ജീവിതവും മരണവും. ഇന്നലെ ആ യോദ്ധാവിന്റെ അന്‍പതാം ചരമ വാര്‍ഷികദിനമായിരുന്നു. വര്‍ഗ്ഗീസിന്റെ സഖാക്കളും തല്‍പരകക്ഷികളും ഈ ദിനത്തെ വര്‍ഗിസിന്റെ രക്തസാക്ഷിദിനമെന്ന് വിശേഷിപ്പിക്കുന്നത് സ്വാഭാവികം.
വര്‍ഗീസിന്റെ ആയ കാലത്തായിരുന്നു നക്‌സലൈറ്റുകളുടെ പുല്‍പള്ളി പോലീസ് സ്റ്റേഷനാക്രമണവും തിരുനെല്ലി തൃശ്ശിലേരി പ്രദേശത്തെ മഠത്തില്‍ മത്തായിയുടെ കൊലപാതകവും മറ്റും നടന്നത്. ഇവയുടെ സൂത്രധാരകരിലെ മുഖ്യരിലൊരാളായിരുന്നു വര്‍ഗീസ്. കമ്യൂണിസമായിരുന്നു അവരുടെ അടിസ്ഥാന ഇസമെങ്കിലും ആ ഇസക്കാരുടെ അക്കാലത്തെ വിപ്ലവ വീര്യത്തിന്റെ കുറവും അമിതമായ പാര്‍ലിമെന്ററി വ്യാമോഹവുമായിരുന്നു വര്‍ഗീസിനെയും കൂട്ടരെയും അതിവിപ്ലവത്തിന്റെ വക്താക്കളായ നക്‌സലൈറ്റ് വിഭാഗത്തിലേക്ക് വഴി നടത്തിച്ചത്. ഒരു കാര്യമുറപ്പ്, മാര്‍ഗം ന്യായീകരിക്കപ്പെടാവുന്നവയല്ലെങ്കിലും ആത്മാര്‍ത്ഥമായ ഉദ്ദേശശുദ്ധി ഇക്കൂട്ടര്‍ക്കുണ്ടായിരുന്നു. വയനാടന്‍ മലമടക്കുകളിലും തോട്ടങ്ങളിലും മറ്റും സ്ഥിരമായി സാമൂഹ്യവും മാനസികവും, ശാരീരികവും, സാമ്പത്തികവുമായ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്നവരായിരുന്നു അക്കാലത്ത് ആദിവാസികളും കര്‍ഷകരും പാവപ്പെട്ടവരുമൊക്കെയായ തൊഴിലാളി സമൂഹം. ഈ ചൂഷണത്തിനൊരറുതി വരുത്തി അവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ദൃഢനിശ്ചമായിരുന്നു ആ ഉദ്ദശശുദ്ധിക്കു പിന്നില്‍. വയനാടന്‍ പ്രദേശങ്ങളിലെ വന്‍ ജന്മിമാരും ഭൂപ്രഭുക്കളുമായിരുന്നു കഥയിലെ വില്ലന്മാര്‍. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇവരെ സഹായിക്കുകയും പങ്കുപറ്റുകയും ചെയ്യുന്നു എന്നു കൂടി ആ വിപ്ലവകാരികള്‍ ഉറച്ചു വിശ്വസിച്ചു. അങ്ങിനെയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഗുരുതരമായ അക്രമ സംഭവങ്ങളുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങളുടെ ഭാഗമായി അന്ന് ആ പ്രദേശങ്ങളിലും പരിസരങ്ങളിലും ശക്തമായ അന്വേഷണങ്ങളും റെയ്ഡുകളുമുണ്ടായി. ആ റെയ്ഡില്‍ പിടിക്കപ്പെട്ട വര്‍ഗീസിനെ ഒരേറ്റുമുട്ടലില്‍ എന്ന വ്യാജേന പോലീസ് തോക്കിനിരയാക്കി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വര്‍ഗീസിന്റെ മരണം സംബന്ധിച്ച കേസ്സുകെട്ട് അന്നേതായാലും മരവിപ്പിക്കപ്പെട്ടു. പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം ആ സംഭവം വിസ്മൃതിയിലുമായി. എന്നാലവിടെ നിന്നും മൂന്ന് ദശാബ്ദങ്ങള്‍ക്കു ശേഷം പണ്ട് മേലുദ്യോഗസ്ഥന്മാരുടെ നിര്‍ദ്ദേശപ്രകാരം തോക്കിന്റെ കാഞ്ചി വലിച്ച രാമചന്ദ്രന്‍ നായര്‍ എന്ന മുന്‍ പോലീസുകാരന് ഇതുമായി ബന്ധപ്പെട്ട സത്യങ്ങള്‍ തുറന്നു പറയണമെന്ന ഒരുള്‍വിളിയുണ്ടായി. പഴയ നക്‌സലൈറ്റ് എ.വാസു രാമചന്ദ്രന്‍ നായരുടെ ആ ഏറ്റുപറച്ചില്‍ ഏറ്റെടുക്കുകയും അത് തടുരന്വേഷണങ്ങള്‍ക്കുള്ള സമര്‍ദ്ദമാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ട് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വിചാരണ ചെയ്യപ്പെടുകയും അവസാനം അവരിലൊരാള്‍ക്ക് കോടതിയാല്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയുമുണ്ടായി. രാമചന്ദ്രന്‍ നായരും പ്രതിസ്ഥാനത്തുണ്ടായിരുന്നെങ്കിലും വിചാരണക്കു കാത്തു നില്‍ക്കാതെ അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കാര്യം ഇങ്ങിനെയൊക്കെ തന്നെ. എത്രതന്നെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ ചിലതിലെങ്കിലും പെട്ടുപോവും. ആ പെടല്‍ ചിലപ്പോള്‍ ഉദ്ദേശപൂര്‍വവും മറ്റു ചിലപ്പോള്‍ യാദൃശ്ഛികവുമാവാം. എന്നിട്ട് കാര്യകാരണസഹിതം നീതി പീഠത്തിനുമുന്നില്‍ തെളിയിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പതനം പൂര്‍ത്തിയാവുകയും ചെയ്യും. ഇതെല്ലാം അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കനുസരിച്ചിരിക്കും.
വര്‍ഗീസിനെ പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്. വര്‍ഗീസിലെ വിപ്ലവകാരിയെ മനസിലാക്കാന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് വര്‍ഗീസ് ഇളയ സഹോദരന്‍ തോമസ്സിന് ഒരിക്കലെഴുതിയ കത്തിലെ ഈ വാചകങ്ങള്‍ തന്നെ ധാരാളണം.
''എത്രയോ പേര്‍ പട്ടിണികിടന്നു മരിക്കുന്നു. അവരെപറ്റി ഒന്നോര്‍ക്കുക. മറ്റാരുടെയും അടിമയായി ജീവിക്കരുത്. ന്യായത്തിന്റെ മുന്നില്‍ മാത്രം തലകുനിച്ച് ജീവിക്കുക. തന്നില്‍ താണവന്റെ ശബ്ദവും കേള്‍ക്കുക. അങ്ങിനെ വരുമ്പോള്‍ കഷ്ടനഷ്ടങ്ങളുണ്ടാവും. അത് സാരമില്ല. എന്നെ അങ്ങനെ വിടൂ. ഒരു നാള്‍ നല്ലത് കേള്‍ക്കാം''

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍