പ്രിയങ്ക രാജ്യസഭയിലെത്തുമെന്ന് സൂചന

 ന്യൂഡല്‍ഹി്: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭാംഗമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിംഗ് എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ആലോചനകള്‍ക്കിടയിലാണ് പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്ക രാജ്യസഭയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രിയങ്കയ്ക്ക് സീറ്റ് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ നിലനിറുത്താനും ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രണ്‍ദീപ് സിംഗ് സുര്‍ജേവാലെ, ഭൂപീന്ദേര്‍ സിംഗ് ഹൂഡ എന്നിവരെ രാജ്യസഭയിലേക്കയക്കാനും ആലോചനയുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധി, അമ്മ സോണിയാ ഗാന്ധി എന്നിവര്‍ ലോക്‌സഭ എം.പിമാരാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയെക്കൂടി എം.പിയാക്കുന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍