സ്ഥലം ലഭ്യമാക്കിയാല്‍ എല്ലാ താലൂക്കുകളിലും ആര്‍ടി ഓഫീസ്: മന്ത്രി

ബദിയഡുക്ക: സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തെ പുതുതായി രൂപീകരിച്ചതുള്‍പ്പെടെ എല്ലാ താലൂക്കുകളിലും അടുത്ത വര്‍ഷം തന്നെ ആര്‍ ടി ഓഫീസ് സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ജില്ലയിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രം ബേള കുമാരമംഗലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാകൃതമായ ഡ്രൈവിംഗ് ടെസ്റ്റ് രീതികളില്‍ നിന്നും അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെയുള്ള കംപ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷനിലേക്ക് മാറുന്നത് അപകടരഹിതമായ ഗതാഗത സംവിധാനം ഉറപ്പുവരുത്താന്‍ സഹായിക്കും. സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഈ അത്യാധുനിക സംവിധാനം നിലവില്‍വന്നു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശീലന കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതിക്കായി 35 കോടി രൂപയുടെ ഭരണാനുമതി ധനകാര്യ വകുപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ, ജില്ലാ കളക്ടര്‍ ഡി.സജിത്ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണഭട്ട്, ആര്‍ടിഒ എസ്. മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എസ്.സബാന എന്നിവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍