തുപ്പലുതൊട്ട് പേജ് മറിക്കരുതെന്ന ഉദ്യോഗസ്ഥരോട് യു.പി സര്‍ക്കാര്‍

ലക്‌നൗ:ഫയലുകള്‍ നോക്കുമ്പോഴും സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്യുമ്പോഴും തുപ്പലുതൊട്ട് പേജുകള്‍ മറിക്കുന്ന ശീലം നിര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. റായ്ബറേലിയിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ അഭിഷേക് ഗോയലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികമായി തന്നെ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളുടേയും മറ്റും പേജുകള്‍ മറിക്കുമ്പോള്‍ തുപ്പല്‍ തൊടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നും പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്‍കരുതലാണ് ഇതെന്നും ഉത്തരവില്‍ പറയുന്നു. തുപ്പലിന് പകരം വെള്ളം നനച്ച സ്‌പോഞ്ചുകള്‍ വിരലില്‍ തൊട്ട ശേഷം പേജുകള്‍ മറിക്കാമെന്നും നിര്‍ദേശമുണ്ട്. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടിയെന്നാണ് കരുതുന്നത്. ഇന്ത്യ അടക്കം 25 രാജ്യങ്ങളില്‍ 75400 ഓളം പേര്‍ക്ക് കൊറോണ വൈറസ്(കോവിഡ് 19) ബാധിച്ചുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മരിച്ച 2300ഓളം പേരില്‍ ഭൂരിഭാഗവും കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ടു ചെയ്ത ചൈനയില്‍ നിന്നുള്ളവരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍