കൂടത്തായി കൊലപാതക പരമ്പര, നാലാമത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ അമ്മാവന്‍ മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് 2016 പേജുള്ള കുറ്റപത്രം ഇന്നലെ രാവിലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ ആകെ 178 സാക്ഷികളുണ്ട്. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
മഞ്ചാടിയില്‍ മാത്യുവിന്റെ മരണം 2014 ഫെബ്രുവരി 24നായിരുന്നു. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മാത്യു പോസ്റ്റ്‌മോര്‍ട്ടത്തിനായി ആവശ്യപ്പെട്ടിരുന്നു. റോയിയുടെ സ്വത്ത് ജോളിക്ക് നല്‍കരുതെന്നും പറഞ്ഞിരുന്നു മാത്യു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റാരുമില്ലാത്ത സമയത്ത് മാത്യുവിന്റെ വീട്ടിലെത്തിയ ജോളി ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി. പിന്നീട് വീട്ടിലേക്ക് മടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും ചെന്നപ്പോള്‍ മാത്യു അവശനായി കിടക്കുന്നത് കണ്ട് കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
റോയ് തോമസ്, സിലി, ആല്‍ഫിന്‍ കൊലക്കേസുകളിലാണ് പൊലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. റോയിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസുകളുടെ കുറ്റപത്രം ഈ ആഴ്ച തന്നെ സമര്‍പ്പിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍