വികസ്വരരാജ്യ പട്ടികയില്‍നിന്ന് ഇന്ത്യയെ നീക്കി

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ്‌ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിനു മുന്പ് ഇന്ത്യക്കൊരു യുഎസ് പ്രഹരം. ഇന്ത്യയെ വികസ്വര രാജ്യപട്ടികയില്‍നിന്നു പുറത്താക്കി. യുഎസ് വാണിജ്യ പ്രതിനിധി (യുഎസ്ടിആര്‍)യുടെ വികസ്വരരാജ്യ പട്ടികയില്‍നിന്നു പുറത്തായതോടെ ഇന്ത്യക്കു ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്) ലഭിക്കാം എന്ന പ്രതീക്ഷ നഷ്ടമായി.ട്രംപ് 24ന് എത്തുമ്പോഴേക്ക് തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇന്ത്യയുഎസ് വാണിജ്യകരാര്‍ തയാറാക്കാന്‍ ഇന്ത്യ അഭിലഷിച്ചിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ക്കു പരിഹാരം കിട്ടാത്തതിനാല്‍ അതുണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. കരാറിന് അന്തിമരൂപം നല്‌കേണ്ട വാണിജ്യപ്രതിനിധി റോബര്‍ട്ട് ലൈറ്റൈസര്‍ ഇന്ത്യയിലേക്കു വരുന്ന തീയതി അറിയിച്ചിട്ടുമില്ല.ഇതിനിടെയാണ് ഇന്ത്യ പട്ടികയില്‍നിന്നു പുറത്തായത്. വികസ്വരരാജ്യങ്ങള്‍ക്കു മാത്രമേ ജിഎസ്പി കിട്ടൂ. ജിഎസ്പി വഴി കുറെയേറെ ഇനങ്ങള്‍ അമേരിക്കയിലേക്ക് ഡ്യൂട്ടി ഇല്ലാതെയും നാമമാത്ര ഡ്യൂട്ടിയിലും കയറ്റുമതി ചെയ്യാം. 2019ല്‍ ഇത് ഇന്ത്യക്കു വിലക്കി.2018ല്‍ ജിഎസ്പി പ്രകാരം 635 കോടി ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഇവയുടെ ഡ്യൂട്ടി ഇനത്തില്‍ 24 കോടി ഡോളര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കു നേട്ടമായി. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 12 ശതമാനമേ ജിഎസ്പി ആനുകൂല്യം നേടിയിരുന്നുള്ളൂ. എങ്കിലും ഇതു പുനഃസ്ഥാപിച്ചു കിട്ടാന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു.ബ്രസീല്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ഹോങ്കോംഗ് തുടങ്ങിയവയ്‌ക്കൊപ്പമാണ് ഇന്ത്യയെയും വികസ്വരരാജ്യ പട്ടികയില്‍നിന്നു മാറ്റിയത്. സമ്പന്നരാജ്യ സമിതിയായ ജി20 യില്‍ ഇന്ത്യ അംഗമാണ്, ഇന്ത്യയുടെ വാണിജ്യം ലോകവാണിജ്യത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാണ്, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു യുഎസ്ടിആര്‍ തീരുമാനം. ഇന്ത്യയുടെ കയറ്റുമതി ലോക കയറ്റുമതിയുടെ 1.67 ശതമാനവും ഇറക്കുമതി 2.57 ശതമാനവുമാണ്.വികസ്വരരാജ്യമായിരുന്നാല്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ഘട്ടത്തിലും ഉത്പാദനഘട്ടത്തിലുമായി രണ്ടു ശതമാനം സബ്‌സിഡിയും നല്കാനാവും.ചുങ്കം സബ്‌സിഡി ആനുകൂല്യങ്ങള്‍ ഇല്ലാതാകുന്നത് നമ്മുടെ കയറ്റുമതിയെ അത്ര ഗുരുതരമായി ബാധിക്കില്ലെന്നു സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെട്ടു.വാണിജ്യകരാറിനു തടസമായി നില്ക്കുന്നത് മൂന്നിനം സാധനങ്ങള്‍ക്ക് ഇന്ത്യ ചുങ്കം ചുമത്തരുതെന്ന യുഎസ് നിലപാടാണ്. അമേരിക്കന്‍ ഐടി ഉത്പന്നങ്ങള്‍, ക്ഷീരോത്പന്നങ്ങള്‍, ആല്‍മണ്ട് തുടങ്ങിയുള്ള യുഎസ് കാര്‍ഷികോത്പന്നങ്ങള്‍ എന്നിവയാണവ. ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍