സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ല : സുപ്രീംകോടതി വിധിയെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സംവരണത്തെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രം സമയോചിതമായി ഇടപെട്ടില്ലെന്ന് ആരോപിച്ച പ്രതിപക്ഷം, വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുന്നതിലടക്കം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
കേസില്‍ സര്‍ക്കാര്‍ കക്ഷിയായിരുന്നില്ലെന്നും വിഷയത്തില്‍ ഉന്നത തല ചര്‍ച്ച നടത്തുകയാണെന്നും സാമൂഹ്യനീതി മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് ഇരുസഭകളെയും അറിയിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്, സി.പി.എമ്മിലെ എ.എം ആരിഫ്,മുസ്ലീംലീഗിലെ ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഓംബിര്‍ള അനുവദിച്ചില്ല. തുടര്‍ന്ന് ശൂന്യവേളയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍രഞ്ജന്‍ ചൗധരി വിഷയം ഉന്നയിച്ചു. സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന നിലപാടാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ കോടതിയിലെടുത്തത്.മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എസ്.സി,എസ്.ടി സംവരണത്തെ കടന്നാക്രമിക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ഗൗരവകരമായ വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തിരിച്ചടിച്ചു. സംവരണം നല്‍കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലെന്നത് സുപ്രീംകോടതിയുടെ വിധിയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടല്ലെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.
2012ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന നിലപാടെടുത്തത്..കേന്ദ്രം അനുയോജ്യ നടപടി സ്വീകരിക്കുമെന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട് പ്രസ്താവന നടത്തി. ഇതില്‍ ചര്‍ച്ചവേണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സ്പീക്കര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ഡി.എം.കെ , മുസ്ലിംലീഗ് അംഗങ്ങള്‍ ഇറങ്ങിപോയി.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, സി.പി.എമ്മിലെ ടി.കെ രംഗരാജന്‍, സി.പി.ഐയിലെ ബിനോയ് വിശ്വം, ഡി.എം.കെയിലെ തിരുച്ചി ശിവ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. റിവ്യൂ ഹര്‍ജി നല്‍കുമോയെന്നും ഇത് തള്ളിയാല്‍ പുതിയ നിയമനിര്‍മ്മാണം നടത്തുമോയെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഉന്നതലത്തില്‍ പരിശോധിച്ചുവരികയാണെന്ന മറുപടി മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് ആവര്‍ത്തിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍