അതിവേഗം പോലീസെത്തും: റെഡ്ബട്ടണ്‍ സംവിധാനത്തിന് അനുമതി

തൃശൂര്‍: പൊതുജനങ്ങള്‍ക്കു അതിവേഗം പോലീസ് സേവനം ലഭ്യമാക്കുന്ന പോലീസ് അലര്‍ട്ട് സംവിധാനത്തിനു കോര്‍പറേഷന്‍ കൗണ്‍സിലില്‍ അനുമതി. റെഡ്ബട്ടണ്‍ പബ്ലിക് റൊബോട്ടിക്‌സ് സ്‌പെക്ട്രം എന്ന പേരിലുള്ള അലര്‍ട്ട് സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കു കുറ്റകൃത്യങ്ങള്‍ക്ക് എതിരേ ചുവന്ന ബട്ടണ്‍ അമര്‍ത്തി അതിവേഗം പരാതി നല്‍കാം. 24 മണിക്കൂറും 360 ഡിഗ്രിയില്‍ കറങ്ങുന്ന സിസിടിവി കാമറ സംവിധാനമുള്ള ഇതില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടന്‍ സന്ദേശം പോലീസ് സ്റ്റേഷനിലേക്ക് എത്തും. ദൃശ്യങ്ങള്‍ സഹിതമാണ് പോലീസിന് വിവരങ്ങള്‍ ലഭിക്കുക. നിമിഷങ്ങള്‍ക്കകം അടുത്തുള്ള പോലീസ് സംഘം ജിപിആര്‍എസ് സ്ഥലത്തെത്തുന്ന രീതിയിലാണ് ക്രമീകരണം. ഇതു സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി കത്തുനല്‍കിയിരുന്നു. 160 മീറ്റര്‍ ചുറ്റളവിലെ ദൃശ്യങ്ങളാണ് കാമറ ശേഖരിക്കുക. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് മെഷിനുകള്‍ സ്ഥാപിക്കുക. ആദ്യ മെഷിന്‍ പട്ടാളം റോഡ് ജംഗ്ഷനിലാണ് സ്ഥാപിക്കുകയെന്ന് ഡെപ്യൂട്ടിമേയര്‍ റാഫി ജോസ് അറിയിച്ചു. നേരത്തെ അറിയിക്കാതെ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയില്‍ സുതാര്യത ഇല്ലെന്നു പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്‍ ആരോപിച്ചു. നഗരത്തില്‍ മുന്പു സ്ഥാപിച്ച 50 സിസിടിവികളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനു സമാന സാഹചര്യം ഉണ്ടാവരുതെന്നും ബിജെപിയിലെ കെ. മഹേഷ് ആവശ്യപ്പെട്ടു. റെഡ് ബട്ടണ്‍ പദ്ധതിക്കായി സ്ത്രീകളും വിദ്യാര്‍ഥികളും കൂടുതലായി ഉപയോഗിക്കുന്ന പൊതുഇടങ്ങള്‍ തെരെഞ്ഞെടുക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു. വടക്കേ ബസ്സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ് പോലെയുള്ള സ്ഥലങ്ങളിലും ഇതു വേണമെന്നു ചൂണ്ടിക്കാട്ടി. 45 കേന്ദ്രങ്ങളാണ് പരിഗണിക്കുന്നതെന്നു വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. ഫോഗിംഗ്, ദിവാന്‍ജി മൂല മേല്‍പ്പാലം തുടങ്ങിയവ വിഷയങ്ങളും കൗണ്‍സിലില്‍ ചര്‍ച്ചയായി. ടി.ആര്‍. സന്തോഷ്, അനൂപ്‌ഡേവിസ് കാട, രാമദാസ്, വത്സല ബാബുരാജ്, ഫ്രാന്‍സിസ് ചാലിശേരി, എ. പ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍