രാജ്യത്ത് തടവില്‍ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്:രാജ്യത്ത് തടവില്‍ കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനൊരുങ്ങി കുവൈത്ത്. ശേഷിക്കുന്ന തടവുകാലം സ്വന്തം രാജ്യത്ത് കഴിയുകയെന്ന വ്യവസ്ഥയിലാണ് കുവൈത്ത് തടവുകാരെ കയറ്റി അയക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് കുവൈത്ത്.
കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അനുഭവപ്പെടുന്ന തടവുകാരുടെ ബാഹുല്യമാണ് പുതിയ നീക്കത്തിന് പിന്നില്‍. ശേഷിക്കുന്ന തടവുകാലം സ്വന്തം രാജ്യത്ത് കഴിയുകയെന്ന വ്യവസ്ഥയില്‍ വിദേശികളായ തടവുകാരെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കാനാണു കുവൈത്തിന്റെ നീക്കം. ആവശ്യമുള്ള ഘട്ടത്തില്‍ തടവുകാര്‍ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഇന്ത്യ, ഇറാന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോട് കുവൈത്ത് സഹകരണം തേടിയത്. തടവുകാരെ കൈമാറാന്‍ നേരത്തെ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലാണിവ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റവാളികളെ കൈമാറില്ലെന്നും കുവൈത്ത് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനും, ഇറാഖും മാത്രമാണ് കുവൈത്തിന്റെ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചത്. ഇറാഖ് 13 തടവുകാരെയും ഇറാന്‍ മൂന്ന് ബാച്ചുകളിലായി 130 പേരെയും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുവാങ്ങുകയും ചെയ്തു. നിലവില്‍ അഞ്ഞൂറോളം ഇന്ത്യക്കാരാണ് വിവിധ കേസുകളില്‍ തടവ് ശിക്ഷ വിധിക്കപ്പെട്ട കുവൈത്തിലെ ജയിലില്‍ കഴിയുന്നത്. തടവുകാരെ കൈമാറാന്‍ 5 വര്‍ഷം മുന്‍പ് ഇന്ത്യയും കുവൈത്തും തമ്മില്‍ കരാറില്‍ എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍