നിയമാനുസൃതമായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സി.എ.എക്കെതിരെ നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രവാസി നികുതിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വികസന കാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണ്. മഹല്ല് കമ്മിറ്റികളുടെ സമരത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സമരം വഴിവിട്ടു പോയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ നിയമ വിധേയമായി സമരം ചെയ്ത ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എന്നാല്‍ പരിധി വിടുമ്പോള്‍ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ പ്രതിപക്ഷത്തിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറുപടിയായി പറഞ്ഞു.
ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടിക്കെതിരേ സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുപ്പിക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം. കേസ് അവസാനിപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോധ്യമായല്ലോയെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. കാട്ടാക്കടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടയന്തര പ്രമേയത്തിലാണ് എം. വിന്‍സെന്റ് സഭയില്‍ വിഷയം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടി അസാധാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍