അവിനാശി അപകടം ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്; ലൈസന്‍സും റദ്ദാക്കും

തിരുപ്പൂര്‍: കോയമ്പത്തൂര്‍-സേലം ദേശീയപാതയില്‍ അവിനാശി മേല്‍പ്പാലത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടര്‍ന്നാണ് കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ എട്ട് മണിക്കൂറിന് ശേഷം പൊലീസില്‍ കീഴടങ്ങിയിരുന്നു. പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. പുലര്‍ച്ചെയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. ഇയാളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ മരിച്ച അഞ്ച് സ്ത്രീകളുള്‍പ്പെടെ 19 പേരും മലയാളികള്‍. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ പൊതുഗതാഗത ബസ് സര്‍വീസിന്റെ ജന്മദിനമായ ഇന്നലെ പുലര്‍ച്ചെ 3.25നാണ് അപകടം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തുന്നിന്ന് വണ്‍വേ തെറ്റിച്ച്, ഡിവൈഡറില്‍ തട്ടി തെറുച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതാണ് ലോറി.പരിക്കേറ്റ 25 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വി.ഡി.ഗിരീഷിന്റെ മൃതദേഹം എറണാകുളം വെങ്ങാലയിലെ വീട്ടിലെത്തിച്ചു.കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹം എത്തിച്ചു.എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം അന്ത്യോപചാരമര്‍പ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍