അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തിലേക്ക്

ന്യൂഡല്‍ഹി: അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെയും മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളുടെയും മേല്‍ റസര്‍വ് ബാങ്കിനു കൂടുതല്‍ അധികാരം. ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്കു ബാധകമാകും. ഇവയുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിന് അധികാരം ഉണ്ടായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) നിയമനം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയേ നടത്താനാകൂ. ഇതിനു തക്കവിധം ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലടക്കം വരുത്തേണ്ട മാറ്റങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കി. രാജ്യത്ത് 1540 അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ ഉണ്ട്. 8.6 കോടി നിക്ഷേപകരില്‍നിന്നായി അഞ്ചുലക്ഷം കോടി രൂപ ഈ ബാങ്കുകളില്‍ ഉണ്ട്. മുംബൈയിലെ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപ്പറേറ്റീവ് (പിഎംസി) ബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍. അര്‍ബന്‍ ബാങ്കുകളുടെ മേല്‍ കോഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്കുള്ള ഭരണപരമായ അധികാരം തുടരും. ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കും. അര്‍ബന്‍ ബാങ്കുകളെ കൂടുതല്‍ പ്രഫഷണലാക്കുക, അവയ്ക്കു കൂടുതല്‍ മൂലധനസമാഹരണ വഴികള്‍ നല്‍കുക, ഭരണം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു നിയമം ഭേദഗതി ചെയ്യുന്നത്. മന്ത്രി പ്രകാശ് ജാവഡേക്കര്‍ നിയമഭേദഗതി വിശദീകരിച്ചു. സിഇഒമാര്‍ക്കു യോഗ്യതകള്‍ റിസര്‍വ് ബാങ്ക് നിര്‍ണയിക്കും. സിഇഒയുടെ നിയമനം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയേ നടത്താവൂ. സിഇഒയെയും സീനിയര്‍ മാനേജ്‌മെന്റിനെയും മാറ്റാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്തു ഡയറക്ടര്‍ ബോര്‍ഡിനെ നീക്കംചെയ്യാനും റിസര്‍വ് ബാങ്കിനു കഴിയും. ഓഡിറ്റിംഗും റിസര്‍വ് ബാങ്ക് നടത്തും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളില്‍ മൊത്തം 220 കോടി രൂപയുടെ തട്ടിപ്പും വെട്ടിപ്പും നടന്ന ആയിരത്തിലേറെ സംഭവങ്ങള്‍ ഉണ്ട്. ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ ഭേദഗതികള്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍