വിദ്യാര്‍ഥികള്‍ ഹൈടെക് സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ഒരുക്കുന്ന ഹൈടെക് സംവിധാനങ്ങള്‍ വിദ്യാര്‍ഥികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബാലുശേരി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഹൈടെക് പ്രഖ്യാപനം ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ എത്ര മികച്ച പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാലും അധ്യാപകരുടെ സേവനം തന്നെയാണ് വിദ്യാലയങ്ങളെ മികവുറ്റതാക്കാന്‍ സഹായിക്കുന്നത്. അധ്യാപകര്‍ ഓരോ വിദ്യാര്‍ഥിയെയും ഓരോ യൂണിറ്റായി പരിഗണിക്കണം. അവരുടെ എല്ലാ വിധത്തിലുമുള്ള പശ്ചത്തലവും മനസിലാക്കണം. ഒരു തരത്തിലുമുള്ള ലഹരി ഉപയോഗവും കുട്ടികള്‍ക്കിടയില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയിലൂടെ കൃഷിയുടെ മൂല്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 105 പൊതുവിദ്യാലയങ്ങള്‍ ആണ് ബാലുശേരി നിയോജക മണ്ഡലത്തില്‍ ഹൈടെക് ആക്കി മാറ്റിയത്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ബാലുശേരി മണ്ഡലത്തില്‍ 50 കോടിയോളം രൂപയുടെ നിര്‍മാണമാണ് നടന്നുവരുന്നത്. കലാകായിക മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ആദരിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം കോഓര്‍ഡിനേറ്റര്‍ ബി മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എ.കെ. അബ്ദുല്‍ ഹക്കീം മുഖ്യപ്രഭാഷണം നടത്തി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, വി.എം. കമലാക്ഷി, യശോദ തെങ്ങിട, ഷാജു ചെറുകാവില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍