സബാഷ് കെജ്‌രിവാള്‍

- ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)

അങ്ങിനെ ഡല്‍ഹി സംസ്ഥാന ഭരണം വീണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ കൈകളില്‍. കേവലം ഏഴ് വയസ്സ് മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് തന്റെ കൊച്ചു പാര്‍ട്ടിയുടെ ബാനറില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെയാണ് തലസ്ഥാന സംസ്ഥാനത്ത് പിടിച്ചു കെട്ടിയിരിക്കുന്നത്. ഇത് ചെറിയ കാര്യമേ അല്ല എന്ന് സംശയലേശമന്യെ തലകുലുക്കി സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അത് കൊണ്ട് തല്‍ക്കാലം കെജ്‌രിവാളിന് കൊടുക്കാം ഒരു നല്ല കയ്യടി.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒട്ടും സന്ദേഹിക്കാതെ ഈ കുറിപ്പുകാരന്‍ പറയും ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന്. മോദിയും അമിത്ഷായും കൂട്ടരും ഒരു പക്ഷെ ഇതങ്ങിനെയങ്ങ് സമ്മതിച്ചു തരികയുമില്ല. എന്നാലും പറയട്ടെ ആ പാര്‍ട്ടിയുടെ കാര്യം ഇപ്പോഴേതായാലും കട്ടപ്പൊക തന്നെ. ഒരുപാട് കാലം ഡല്‍ഹി സംസ്ഥാനം ഭരിച്ച അവര്‍ക്ക് ഇത്തവണത്തെ നിയമസഭാ ഇലക്ഷനില്‍ കിട്ടിയ സീറ്റിന്റെ എണ്ണം ഒരു വലിയ വട്ട പൂജ്യം. സത്യത്തില്‍ അതില്‍ വലിയവിശേഷമൊന്നുമില്ലതാനും. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതി ഇത് തന്നെയായിരുന്നല്ലോ. ആ പാര്‍ട്ടിക്കാര്‍ക്കൊരുഗുണമുണ്ട്; അനുഭവങ്ങളില്‍ നിന്നും അവര്‍ പാഠം പഠിക്കില്ല. സ്വന്തം കാര്യം ഭംഗിയായി നോക്കിയും, പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ വളര്‍ത്തിയും രാജ്യതലസ്ഥാനത്ത് തന്നെ അടയിരിക്കുന്ന ഒരു കൂട്ടം നേതാക്കളുണ്ടതില്‍. ഓണത്തിനും സംക്രാന്തിക്കും എന്നതുപോലെ ഇടയ്ക്ക് ചില പ്രസ്താവനകളിറക്കും. പാര്‍ട്ടി വളരുകയാണോ അതോ തളരുകയാണോ എന്നൊന്നും പരിശോധിക്കുകയേ ഇല്ല. തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും പാര്‍ട്ടിയില്‍ പുനസംഘടനകള്‍ വരുമ്പോഴും ഉന്നം പിഴക്കും. അടിയന്തരാവസ്ഥക്കാലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അതിലെ മുടിചൂടാമന്ന തോറ്റമ്പിയെങ്കിലും അധികം വൈകാതെ തന്നെ ഒരു ഫീനിക്‌സ് പക്ഷിയെപോലെ അവര്‍ സടകുടന്നെഴുന്നേറ്റിരുന്നു, പൂര്‍വാധികം ശക്തിയോടെ. പക്ഷെ ആ കഥകളില്‍ നിന്നോ സംഭവവികാസങ്ങളില്‍ നിന്നോ പാഠം ഉള്‍ക്കൊണ്ട് അവരുടെ പിന്‍ഗാമികള്‍ക്ക് ആ രാഷ്ട്രീയം കൊണ്ടു നടക്കാനാവുന്നില്ല. കലികാല ദോഷം എന്നല്ലാതെ എന്ത് പറയാന്‍.
പിന്നെ ഇപ്പോള്‍ ഈ ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നവരുടെ കാര്യം. ഗര്‍ജിക്കുന്ന സിംഹങ്ങളുടെ കൂട്ടില്‍ നിന്നും ഗര്‍ജനങ്ങള്‍ എത്രയുണ്ടായിട്ടും അവരുടെ മൂക്കിനുതാഴെയുള്ള ഡല്‍ഹിയിലെ ജനം ആം ആദ്മി എന്ന ചെറിയ പാര്‍ട്ടിക്കും കെജ്‌രിവാളിന്റെ സൈന്യത്തിനും തന്നെ വോട്ടു ചെയ്തു. ജയം ഉറപ്പുവരുത്തിയവരുടെ നിതാന്ത ജാഗ്രതകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മറ്റഭ്യാസങ്ങളൊന്നും നടത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും പൂര്‍ണമായ വിശ്വാസത്തിലെടു ക്കാതെ ഭരണക്കരുത്തുമായി മുന്നോട്ട് പോവുന്നതിലുള്ള ജനങ്ങളുടെ പ്രതിരോധത്തിന്റെ ഒരു സാമ്പിള്‍ കൂടിയായിരിക്കാം ഡെല്‍ഹി സംസ്ഥാനതിരഞ്ഞെടുപ്പ് ഫലം.
വീണ്ടും തൂലിക കെജ്‌രിവാളിന്റെ കളത്തിലേക്ക് തിരിക്കട്ടെ. ആ മനുഷ്യനില്‍ സത്യത്തില്‍ നെഗറ്റീവും പോസിറ്റീവുമെല്ലാമുണ്ട്. പക്ഷെ പോസീറ്റീവുകള്‍ക്ക് തൂക്കക്കൂടുതലുണ്ട്. ആ പോസിറ്റിവൂകളാണ് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും സ്വന്തം കാര്യങ്ങള്‍ ക്കുമൊക്കെ ഉപരി അദ്ദേഹത്തി ന്റെ ഭരണകാലത്ത് ഭരണീയരുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, വൈദ്യുതി,പൊതുജനാരോഗ്യം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലൊക്കെ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്നത്. കേന്ദ്രഭരണക്കാരും അവരുടെ കൈപിടിയിലുള്ള ഡല്‍ഹി പോലീസുമൊക്കെ ശക്തിയായി മുട്ടിയിട്ടും കെജ്‌രിവാളിനു ഭംഗിയായി പിടിച്ചുനില്‍ക്കാന്‍കഴിഞ്ഞു. ഏതായാലും ഈ തിരഞ്ഞെടുപ്പനുഭവങ്ങളില്‍ നിന്നെങ്കിലും കൈവിട്ടുപോവുന്ന കാര്യങ്ങളിലൊക്കെ ഒരു തിരുത്തിന് കേന്ദ്രസിക്രട്ടറിയേറ്റിന്റെ തെക്കെഗോപുരത്തില്‍ നിന്നും തുടക്കമുണ്ടാവുമോ എന്നതാണീ സന്ദര്‍ഭത്തിലെ പ്രസക്തമായ ചോദ്യം.
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഇത് ചലനമുണ്ടാക്കുമോ എന്നും ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പ്. കെജ്‌രിവാള്‍ പഞ്ചാബിലും ഗോവയിലുമൊക്കെ ആം ആദ്മി പാര്‍ട്ടിയെ വ്യാപിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ അവിടെ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ പുതിയ സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു വരുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഏതാലായും ഏതാണ്ട് ജനകീയനായ ഈ മുഖ്യമന്ത്രി 70 ല്‍ 63 സീറ്റിന്റെ ബലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ തുടരും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചു നില്‍ക്കാ ന്‍ അദ്ദേഹത്തിനു കഴിയും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍. ഷഹീന്‍ ബാഗ് സമരത്തിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കാതിരുന്നിട്ടും അവര്‍ക്ക് ബിരിയാണി നല്‍കുന്നു എന്നായിരുന്നുവല്ലോ ചിലരുടെ ഭാഷ്യം. പക്ഷെ എന്നിട്ടും അവിടുത്തുകാര്‍ ചൂലിന് തന്നെ വോട്ട് കുത്തി എന്നതും സ്മരണീയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍