നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം: ഐബി സംഘം കാസര്‍ഗോഡെത്തി

കാസര്‍ഗോഡ്: 43.5 ലക്ഷം രൂപടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ കാസര്‍ഗോട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഗവ. കോളജിന് സമീപം വച്ച് കാറില്‍ കടത്തുകയായിരുന്ന നിരോധിച്ച 500 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. പെര്‍ള ഉക്കിനടുക്കയിലെ മുഹമ്മദിനെ (67) പോലീസ് പിടികൂടുകയും സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ മുഖ്യപ്രതി അണങ്കൂര്‍ സലീമിനെയും (33) മറ്റൊരാളെയുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. നിരോധിച്ച നോട്ടുകള്‍ കടത്തിയ കാര്‍ സലീമിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഗോവയിലും സമാനരീതിയില്‍ സലീമും സംഘവും പിടിയിലായിരുന്നു.നിരോധിച്ച നോട്ടുകള്‍ എന്താണ് ചെയ്യുന്നത്, പുതിയ നോട്ടുകള്‍ നല്‍കി പഴയ നോട്ട് വാങ്ങുന്നവര്‍ക്ക് എന്താണ് ലാഭം തുടങ്ങിയവയെ കുറിച്ച് പോലീസിന് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ക്ക് 15,000 രൂപ കമ്മീഷന്‍ ലഭിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റാരില്‍ നിന്നോ വാങ്ങുന്ന പണം കൂടുതല്‍ തുകയ്ക്ക് സലീം കൈമാറ്റം ചെയ്യുന്നതാകാമെന്നാണ് പോലീസ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍