മണ്ണ് മാഫിയാക്കെതിരേ നടപടിയുമായി പോലീസ്; വാഹനങ്ങള്‍ പിടികൂടി

 കടുത്തുരുത്തി: മണ്ണ് മാഫിയാക്കെതിരേ നടപടിയുമായി കടുത്തുരുത്തി പോലീസ്. മലയിടിച്ചു മണ്ണ് കടത്തിയിരുന്നവര്‍ക്കെതിരേയുള്ള നടപടിയില്‍ എട്ടു ടോറസുകളും മൂന്നു ടിപ്പുറുകളും ഓരോ ജെസിബിയും ഹിറ്റാച്ചിയും പോലീസ് പിടികൂടി. മണ്ണുമായാണ് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. കടുത്തുരുത്തി, കുറവിലങ്ങാട്, വെള്ളൂര്‍ മേഖലകളില്‍ നിന്നായി നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ബോര്‍ഡ് വച്ചായിരുന്ന ടിപ്പറുകളും ടോറസുകളും മണ്ണുമായി പാഞ്ഞിരുന്നത്. അമിതവേഗതയില്‍ പായുന്ന ടോറസും ടിപ്പറും നാട്ടുകാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും ഉറക്കം കെടുത്തിയിരുന്നു. അപകട ഭീഷിണിയുമായാണ് മണ്ണുമായി പോയിരുന്ന വാഹനങ്ങളുടെ പാച്ചില്‍. വാഹനങ്ങളുടെ അമിതവേഗവും അനധികൃതമായ മണ്ണ് കടത്തലും സംബന്ധിച്ചു നാട്ടുകാര്‍ നേരത്തെ തന്നെ പോലീസിനു പരാതി നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ നടപടികളാണ് ഇത്രയധികം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇടയാക്കിയത്. കടുത്തുരുത്തി സിഐ പി.കെ. ശിവന്‍കുട്ടി, എസ്‌ഐ ടി.എസ്. റെനീഷ്, അഡീഷണല്‍ എസ്‌ഐ പി.കെ. സമദ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. കല്ലറ ഇടയാഴം റോഡില്‍ മണ്ണുമായെത്തിയ വാഹനങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍ പാസ് കാണിക്കാന്‍ വണ്ടിക്കാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഇവിടെനിന്നും പരിശോധന തുടര്‍ന്ന പോലീസ് സംഘം ടോറസുകളും ടിപ്പറുകളും പിടിച്ചെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മണ്ണ് എടുക്കുന്ന ഞീഴൂരിലെ സ്ഥലത്തെക്കുറിച്ചും വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഇവിടെയെത്തിയാണ് ജെസിബിയും ഹിറ്റാച്ചിയും പിടിച്ചെടുത്തത്.റവന്യൂ, ജിയോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ മുന്‍കാലങ്ങളില്‍ നല്‍കിയ പാസുകള്‍ ഉപയോഗിച്ചാണ് നൂറുകണക്കിന് ലോഡ് മണ്ണ് ദിവസവും ആലപ്പുഴ പ്രദേശത്തേക്കു കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍