ഡല്‍ഹിയില്‍ ആംആദ്മി തന്നെ

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ട് 58 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 12 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ഇക്കുറിയും പച്ചതൊടാതെ കോണ്‍ഗ്രസ്. എഎപിയുടെ വരവിനു മുമ്പു തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇക്കുറിയും അക്കൗണ്ട് തുറക്കുന്ന ലക്ഷണങ്ങളില്ല. ആദ്യ ഫലസൂചനകളില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് നേടിയെങ്കിലും പിന്നീട് പിന്നിലേക്കു പോയി.
ബല്ലിമാരന്‍ മണ്ഡലത്തില്‍ മത്സരിച്ച ഹാരൂണ്‍ യൂസഫാണ് ലീഡ് നേടിയ ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ്.
ബല്ലിമാരന്‍ മണ്ഡലത്തെ അഞ്ചു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ മൂന്നു തവണ അംഗമായി.
രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി വീണ്ടും വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. നൂറു കണക്കിന് പ്രവര്‍ത്തകരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലൂടെയാണ് കേജരിവാള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിയത്.ഇപ്പോള്‍ പ്രതികരണത്തിനില്ലെന്ന് കേജരിവാള്‍ മാധ്യങ്ങളോട് വ്യക്തമാക്കി. ഫലം ഔദ്യോഗികമായി വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആദ്യഘട്ടത്തില്‍ ലീഡ് ചെയ്യുന്നു. കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ ചാന്ദ്‌നി ചൗക്കില്‍ ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്ക ലാംബ പിന്നിലാണ്. അഖിലേഷ് തൃപതിയാണ് ചാന്ദ്‌നി ചൗക്കിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി.
ബിജെപി നേതാവ് കപില്‍ മിശ്ര മോഡല്‍ ടൗണില്‍ പിന്നിലാണ്. നേരത്തെ ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന കപില്‍ മിശ്ര പിന്നീട് കേജരിവാളിന്റെ വലിയ വിര്‍ശകനാവുകയും പാര്‍ട്ടി വിടുകയുമായിരുന്നു.
എഴുപത് സീറ്റിലേക്കാണു ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി മൂന്നു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍