റോഡ് സുരക്ഷ: അധികാരം ഇനി കമ്മിഷണര്‍ക്ക്

തിരുവനന്തപുരം: റോഡ് സുരക്ഷാ കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് കേരള റോഡ് സുരക്ഷാ അതോറിട്ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത്. എന്‍. ശങ്കര്‍ റെഡ്ഡിയാണ് നിലവില്‍ റോഡ് സുരക്ഷാ അതോറിട്ടി കമ്മിഷണര്‍. നിലവില്‍ സംസ്ഥാന റോഡ് സേഫ്ടി അതോറിട്ടിയുടെ അനുവാദത്തോടെ മാത്രമേ കമ്മിഷണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. ഇനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ കമ്മിഷണര്‍ തീരുമാനം എടുത്ത ശേഷം അത് അതോറിട്ടിയെ അറിയിച്ചാല്‍ മതിയാകും. ഗതാഗതമന്ത്രി റോഡ് സുരക്ഷാ അതോറിട്ടിയുടെ ചെയര്‍മാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയര്‍മാനുമാണ്. ചീഫ് സെക്രട്ടറി, എട്ടു വകുപ്പുകളുടെ സെക്രട്ടറിമാര്‍, പൊലീസ് മേധാവി തുടങ്ങിയവരടങ്ങുന്നതാണ് അതോറിട്ടി. റോഡപകടം ഉണ്ടായാല്‍ അന്വേഷണ സംഘം രൂപീകരിച്ച് നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് റോഡ് സുരക്ഷാ കമ്മിഷ്ണറുടെ ചുമതലയാകും. അവിനാശി അപകടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയെ അന്വേഷണത്തലവനായി നിയോഗിച്ചത് വിവാദമായിരുന്നു. റോഡ് സുരക്ഷയ്ക്ക് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കുക, പൊതുജനങ്ങളുടെ സഹായത്തോടെ സുരക്ഷാ സംഘങ്ങളെ രൂപീകരിക്കുക, മോട്ടോര്‍ വാഹന വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം തുടങ്ങിയവയും കമ്മിഷണറുടെ ചുമതലയാവും. ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പലപ്പോഴും അതോറിട്ടിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. വാഹനങ്ങളുടെ സെസ്, ഗതാഗത നിയമം ലംഘിക്കുന്നതിലെ പിഴവ് എന്നീ വകയില്‍ സര്‍ക്കാരിന് അടയ്ക്കുന്ന തുകയുടെ 50% റോഡ് സുരക്ഷാ അതോറിട്ടിക്ക് ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ നല്‍കണമെന്ന് നിലിവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പണം അനുവദിക്കാറില്ലെന്നു മാത്രം പൊലീസും മോട്ടോര്‍ വാഹന വകുപ്പും പ്രതിവര്‍ഷം ശരാശരി 200 കോടി രൂപ പിഴയായി ഈടാക്കി സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കാറുണ്ട്. അതില്‍ 100 കോടി രൂപ അതോറിട്ടിക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അതോറിട്ടിക്ക് ലഭിച്ചത് അഞ്ചു കോടി രൂപ മാത്രമാണ്. 20 കോടി ആവശ്യപ്പെട്ടപ്പോഴാണ് നാലിലൊന്ന് കിട്ടിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച ബില്‍ തുകയായ 100 കോടിയും ഇതുവരെ അനുവദിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍