ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ സംരംഭം മെഡിക്കല്‍ കോളജ് ആശുപത്രി അപക്‌സ് ട്രോമകെയര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററായി ഉയര്‍ത്തും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അപക്‌സ് ട്രോമ കെയര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ ജനറല്‍ ആശുപത്രിപരിസരത്ത് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കീഴിലുള്ള എല്ലാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഈ സെന്ററിലൂടെ പരിശീലനം നല്‍കും. ഭാവിയില്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, അധ്യാപകര്‍, പോലീസ് എന്നിവര്‍ക്കും പരിശീലനം നല്‍കും. ടാറ്റ കെയര്‍ അനുവദിച്ച 12 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുകൂടാതെ സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിന് ബജറ്റില്‍ 12 കോടി രൂപയും വകയിരുത്തിയിരുന്നു. അത്യാധുനിക രീതിയിലുള്ള മികച്ച പരിശീലനം നല്‍കുന്ന കാര്‍ഡിയോളജി ആന്‍ഡ് ആന്‍ജിയോഗ്രാഫി സിമുലേഷന്‍ ട്രെയിനര്‍, സര്‍ജിക്കല്‍ സ്‌കില്‍ ട്രെയിനര്‍ എന്നിവ സജ്ജമാക്കാന്‍ കൂടിയാണ് തുകയനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. മികച്ച ട്രോമകെയര്‍ സംവിധാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമാക്കുന്നതിനോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അപക്‌സ് ട്രെയിനിംഗ് സെന്റര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന് ഈ ലോകോത്തര പരിശീലന കേന്ദ്രത്തിലൂടെ സാധിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം ടാറ്റ ട്രെസ്റ്റുമായി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍