കനയ്യകുമാറിന്റെ വിചാരണക്ക് നല്‍കിയ അനുമതി പിന്‍വലിക്കില്ല: എഎപി

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതെന്നും എഎപി ദേശീയ വക്താവും എംഎല്‍എയുമായ രാഘവ് ചദ്ദ വ്യക്തമാക്കി. എഎപിയുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ലെന്നും രാഘവ് ചദ്ദ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന 40 വീഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഈ വീഡിയോകളില്‍ കനയ്യ മുദ്രാവാക്യം വിളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ ഇല്ലെന്ന് പിന്നീട് തെളിഞ്ഞിരുന്നു.കേസില്‍ കനയ്യക്കു പുറമെ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയായിരുന്നു സംഭവം. പിന്നീട് സിപിഐയുടെ ദേശീയ നേതൃത്വത്തിലെത്തിയ കനയ്യ മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും മുഖ്യ വിമര്‍ശകനായി.ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ ബിഹാറില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വം കനയ്യ കുമാറിനായിരുന്നു. എന്നാല്‍ റാലിക്കിടെ പലയിടത്തായി കനയ്യയും സംഘവും ആക്രമിക്കപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍