വെടിക്കെട്ട് അനുമതി: തീരുമാനിക്കാതെ കോടതികളിലേക്കു വിടുന്ന പ്രവണത ആശാസ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി : വെടിക്കെട്ടിന് അനുമതി തേടിയുള്ള അപേക്ഷകളില്‍ അധികൃതര്‍ തീരുമാനമെടുക്കാതെ വിഷയം കോടതികളിലേക്ക് തള്ളിവിടുന്ന പ്രവണത ആശാസ്യമല്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്ര ക്ഷേമ സമിതി എ. ബാലഗോപാലന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജി പരിഗണിക്കവെ ഇത്തരം അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് ബാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ഇന്നലെത്തന്നെ കളക്ടര്‍ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വലിയ വിളക്കിനോടനുബന്ധിച്ചുള്ള പകല്‍പൂരത്തിനുശേഷവും ഏഴിന് ആറാട്ടിനോടനുബന്ധിച്ചും വെടിക്കെട്ട് നടത്താറുണ്ട്.
ആചാരപരമായ വെടിക്കെട്ടിന് അനുമതി തേടി കഴിഞ്ഞ ഡിസംബര്‍ ഏഴിന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഭക്തരുടെ സുരക്ഷയും ക്ഷേത്രത്തിന് സമീപത്തെ കെട്ടിടങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തി വെടിക്കെട്ട് നടത്താമെന്നും അനുമതി നല്‍കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വിഷയം ദേവസ്വം ബെഞ്ചിന് കൈമാറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍