സമാധാനപരമല്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഇവിടെ ആവശ്യമില്ല : ഉദ്ധവ് താക്കറെ

മുംബൈ: ഹിന്ദുത്വത്തിന്റെ പേരില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. അധികാരം പിടിച്ചെടുക്കാന്‍ മതം ഉപയോഗിക്കുന്ന ഹിന്ദുത്വ ആശയമല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വമല്ല, തങ്ങളുടേത് വ്യത്യസ്തമായ ആശയമാണെന്നും താക്കറെ കൂട്ടിചേര്‍ത്തു. ശിവസേന മുഖപത്രമായ സാമ്‌നയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുത്വത്തില്‍ ബി.ജെ.പിയുടേതിനു സമാനമായ ചിന്താരീതിയല്ല തനിക്ക്. സമാധാനപരമല്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഇവിടെ ആവശ്യമില്ല. ആളുകള്‍ മതത്തിന്റെ പേരില്‍ പരസ്പരം കൊല്ലുകയും, രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു ഹിന്ദു രാഷ്ട്രത്തിന്റെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.അതല്ല താന്‍ ഹിന്ദുത്വത്തില്‍ നിന്നും പഠിച്ചതെന്നും താക്കറെ വ്യക്തമാക്കി.
ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അദ്ദേഹം അനുകൂലിച്ചു.
ഇത് വ്യക്തിയുടെ പൗരത്വ അവകാശങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ പീഡിനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുയാണിതെന്നും ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ വ്യക്തമാക്കി.
പൗരത്വം തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ബുദ്ധിമുട്ടായതിനാല്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു.
കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, എന്‍.ആര്‍.സി, സി.എ.എയിലെ ചില നിര്‍ദേശങ്ങള്‍ തുടങ്ങി മോദി സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി നടപടികളെ സാമ്‌ന മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍