റിസര്‍വ് ബാങ്ക് ധനനയം നാളെ ; പലിശയില്‍ തൊട്ടേക്കില്ല

കൊച്ചി: കേന്ദ്ര ബഡ്ജറ്റിന്റെ ആരവങ്ങള്‍ തണുത്തതോടെ, ഇനി ഏവരുടെയും ശ്രദ്ധ റിസര്‍വ് ബാങ്കിന്റെ ധനനയ നിര്‍ണയത്തിലേക്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗത്തിന് തുടക്കമായി. ആറിന് ധനനയം പ്രഖ്യാപിക്കും. 201920ലെ അവസാന ധനനയമാണിത്.
ജി.ഡി.പി വളര്‍ച്ച നടപ്പുവര്‍ഷം ഏപ്രില്‍ജൂണ്‍പാദത്തിലെ അഞ്ചു ശതമാനത്തില്‍ നിന്ന് ജൂലായ്‌സെപ്തംബറില്‍ ആറര വര്‍ഷത്തെ താഴ്ചയായ 4.50 ശതമാനത്തിലേക്ക് ഇടിഞ്ഞതിനാല്‍ പലിശ കുറയ്ക്കുമെന്ന് പൊതുവേ പ്രതീക്ഷിച്ചെങ്കിലും ഡിസംബറില്‍ എം.പി.സി, നിരാശപ്പെടുത്തിയിരുന്നു. നാണയപ്പെരുപ്പം കൂടിത്തുടങ്ങിയത് ചൂണ്ടിക്കാട്ടി, അന്ന് മുഖ്യപലിശ നിരക്ക് നിലനിറുത്തി.
സെപ്തംബറിലെ 3.99 ശതമാനത്തില്‍ നിന്ന് ഒക്‌ടോബറില്‍ 4.62 ശതമാനത്തിലേക്ക് റീട്ടെയില്‍ നാണയപ്പെരുപ്പം ഉയര്‍ന്നതാണ് പലിശ കുറയ്ക്കാതിരിക്കാന്‍ കാരണം. ഡിസംബറില്‍ നാണയപ്പെരുപ്പം അഞ്ചരവര്‍ഷത്തെ ഉയരമായ 7.35 ശതമാനത്തിലാണുള്ളത്. അതുകൊണ്ട്, ഇക്കുറിയും പലിശ കുറയ്ക്കാന്‍ സാദ്ധ്യത കുറവ്. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെങ്കിലേ പലിശ കുറയ്ക്കാന്‍ എം.പി.സി തയ്യാറാകൂ.
എല്ലാ യോഗത്തിലും പലിശ കുറയ്ക്കാനാവില്ലെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
2019ല്‍ മാത്രം റിപ്പോനിരക്ക് 1.35 ശതമാനം കുറച്ചിട്ടുണ്ട്. ഈ കുറവ്പ്രയോജനപ്പെടുത്താനാണ്‌നോക്കേണ്ടത്. സമ്പദ്‌വളര്‍ച്ചയ്ക്ക് കൂടുതല്‍ നടപടികള്‍ സര്‍ക്കാരാണ് എടുക്കേണ്ടതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ബഡ്ജറ്റ്, സമ്പദ്‌വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതിനാല്‍, റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ സാദ്ധ്യത വിരളം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍