മെഡിക്കല്‍ കോളജിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററില്‍ കൃത്രിമകാലുകളുടെ നിര്‍മാണം ആരംഭിച്ചു. കാലങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്റര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ആശുപത്രിയുടെ മുമ്പിലാണ് ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്റര്‍. പാവപ്പെട്ടവര്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു കുറഞ്ഞ നിരക്കിലും കൃത്രിമകാലുകള്‍ ഇവിടെനിന്നും നല്‍കാനാണ് പദ്ധതി. കഴിഞ്ഞ ഒരു മാസമായി ഇവിടെ കൃത്രിമകാലുകള്‍ നിര്‍മിക്കുന്നുണ്ട്. തൃശൂര്‍ നഗരത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ കൃത്രിമ അവയവനിര്‍മാണ കേന്ദ്രം ഒല്ലൂക്കരയിലായിരുന്നു. ഓര്‍ത്തോ വിഭാഗത്തിനായിരുന്നു ചുമതല. പിന്നീട് ആശുപത്രി മുളങ്കുന്നത്തുകാവിലേക്കു മാറ്റി 18 വര്‍ഷമായപ്പോഴാണ് ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററിന് അനക്കം വെച്ചത്. കൈകാലുകള്‍ നഷ്ടപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് വന്‍തുക നല്‍കി സ്വകാര്യ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ക്കു കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ വരുന്നുണ്ട്. അപകടങ്ങളില്‍പെട്ട് കൈകാലുകള്‍ നഷ്ടപ്പെടുന്നവരും ഏറെയാണ്. ഇത്തരക്കാര്‍ക്കെല്ലാം ലിംബ് സെന്റര്‍ ആശ്വാസമാകും. സെന്ററിനു കെട്ടിടവും ടെക്‌നീഷ്യന്‍മാരും നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിനാണ് പദ്ധതിയുടെ ചുമതല. കൃത്രിമ കാലുകളും കഴുത്തിലിടുന്ന കോളറുമാണ് ഇപ്പോള്‍ ഇവിടെ നിര്‍മിക്കുന്നത്. കൃത്രിമ വിരലുകളടക്കമുള്ളവ താമസിയാതെ നിര്‍മിക്കാന്‍ തുടങ്ങും. ആരോഗ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററിന്റെ ഉദ്ഘാടനവും വൈകാതെ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍