കുപ്പിവെള്ളത്തിന് കൂടുതല്‍ വില വാങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി

ചേര്‍ത്തല: കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. എഐവൈഎഫ്‌ഐ ചേര്‍ത്തല മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1500 കോടി രൂപയുടെ കുപ്പിവെള്ളമാണ് കേരളത്തില്‍ വില്‍ക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് മുപ്പതു രൂപവരെ വാങ്ങുന്നവരുണ്ട്. ഇവര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. എന്നാല്‍ എട്ടുരൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം കച്ചവടക്കാര്‍ 13 രൂപയ്ക്ക് വില്‍ക്കണം. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ അഞ്ചുരൂപ ലാഭം കിട്ടിയാല്‍ മതി. അമിത വില ഈടാക്കിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ ബന്ധപ്പെട്ടവരെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ കുത്തക കന്പനികള്‍ മാത്രമാണ് എതിര്‍ത്തത്. ഇവര്‍ ഇതിനെതിരെ കോടതിയില്‍ പോയെങ്കിലും സംസ്ഥാനത്തിനു അനുകൂലമായ നിലപാടാണ് കോടതി സ്വീകരിച്ചത്. അതുകൊണ്ട് രണ്ടുദിവസത്തിനുള്ളില്‍ തന്നെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സമ്മേളനത്തില്‍ യു. മോഹനന്‍ അധ്യക്ഷനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍