ഭൗതികസാഹചര്യങ്ങളുടെ കുറവ് കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന് മന്ത്രി

കുന്നിക്കോട്: ഓരോ മണ്ഡലത്തിലും മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരണമെന്നും, ഭൗതികസാഹചര്യങ്ങളുടെ കുറവ് കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്നും മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. വിളക്കുടി ഗവ. എല്‍ പി സ്‌കൂളിന്റെ ബഹുനില മന്ദിരോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം അവസാനത്തോടെ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഹൈടെക് ആകും. വിദ്യാലയങ്ങളിലെ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും വഴി കുട്ടികളുടെ വായന വര്‍ധിപ്പിക്കണം. ഇങ്ങനെ അക്കാദമിക നിലവാരം ഉയര്‍ത്തണം. എല്ലാ സ്‌കൂളുകള്‍ക്കും ക്ലാസ് ലൈബ്രറികള്‍ ഒരുക്കണം. ഒരു ലക്ഷം ക്ലാസ് ലൈബ്രറികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളേയും എത്തിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അജിമോഹന്‍, എച്ച് രാജീവന്‍, എം എസ് സുധ, പി വി ഷീജ, എ.സജീദ്, ജെ സജീവ്, പി ശ്രീദേവിയമ്മ, സി വിജയന്‍, വി ആര്‍ ജ്യോതി, റെനി ആന്റണി, എസ് ഉഷാകുമാരി, വി ഐ നസീം, പുനലൂര്‍ എ ഇ ഒ ആര്‍ ഉണ്ണികൃഷ്ണന്‍, വിളക്കുടി ചന്ദ്രന്‍, എസ് പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍