ജയില്‍ വകുപ്പില്‍ സമാനതകളില്ലാത്ത പരിഷ്‌കാരം: മുഖ്യമന്ത്രി

തളിപ്പറമ്പ്: ജയില്‍ വകുപ്പില്‍ സമാനതകളില്ലാത്ത വികസനങ്ങളും പരിഷ്‌കാരങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ജില്ലാ ജയിലിന് തളിപ്പറമ്പിനടുത്ത് കാഞ്ഞിരങ്ങാട്ട് തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സമയബന്ധിതമായി തന്നെ തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു തുറന്ന ജയില്‍ ഉള്‍പ്പെടെ 11 ജയിലുകളാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിംഗ് പറഞ്ഞു. കാഞ്ഞിരങ്ങാട്ട് പുതുതായി നിര്‍മിക്കുന്ന ജില്ലാ ജയിലിന്റെ തറക്കല്ലിടല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിക്കു വേണ്ടി ഋഷിരാജ് സിംഗ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കു തൊണ്ടയ്ക്ക് അസുഖമായതിനാല്‍ കൂടുതല്‍ സംസാരിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാല്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഇക്കാര്യം താന്‍ അറിയിക്കുന്നതെന്നു പറഞ്ഞാണ് ഋഷിരാജ് സിംഗ് കാര്യങ്ങള്‍ വിശദീകരിച്ചത്. നെട്ടുകാല്‍തേരിക്കും ചീമേനിക്കും പുറമെ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ മൂന്നാമത്തെ തുറന്ന ജയില്‍ സ്ഥാപിക്കും. ഇത് കൂടാതെ കാസര്‍ഗോഡ് പെരിയയിലും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് വടകരയിലും പുതിയ ജില്ലാ ജയിലുകള്‍ നിര്‍മിക്കും. നാദാപുരം, താമരശേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലും പുതിയ ജയിലുകള്‍ നിര്‍മിക്കും. മലപ്പുറത്തെ തവനൂരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്ന സെന്‍ട്രല്‍ ജയില്‍ ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌കെ.വി.സുമേഷ്, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, ജയില്‍ ഡി ഐ ജി എസ്.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സി. ജീജ, പരിയാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി. ഷീബ, ഉത്തരമേഖലാ ജയില്‍ ഡിഐജി എം.കെ. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍