പൊതുജനാരോഗ്യ മേഖലയ്ക്ക് കേന്ദ്രവിഹിതംകുറയുന്നു

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യം നേരിടാന്‍ ആരോഗമേഖലയെ കേന്ദ്രസര്‍ക്കാര്‍ കൈവിടുന്നു. പൊതുജന ആരോഗ്യരംഗത്ത് വിഭാവനം ചെയ്ത വികസനത്തിന്റെ പരിസരത്തൊന്നും എത്തിപ്പെടാനാവില്ലെന്ന സൂചനയാണ് തുക നീക്കിവയ്ക്കുന്നതിലെ കുറവ് കാണിക്കുന്നത്. ആരോഗ്യരംഗത്ത് ഇക്കുറി ബഡ്ജറ്റില്‍ പ്രതീക്ഷിച്ചതിന്റെ പകുതിപോലും ആരോഗ്യത്തിന് നീക്കിവച്ചിട്ടില്ല. വേണ്ടതില്‍ നിന്ന് 55,000 കോടിയുടെ കുറവാണ് ഉണ്ടായത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി ) 2.5 ശതമാനം ആരോഗ്യരംഗത്തിന് നീക്കിവയ്ക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ ആരോഗ്യമിഷന്റെ റിപ്പോര്‍ട്ട് പറയുന്നു. 2024-25ല്‍ അത് കൈവരിക്കാനായിരുന്ന പദ്ധതി. ഈ സാമ്പത്തിക വര്‍ഷം അതനുസരിച്ച് ജി.ഡി.പിയുടെ 1.58 ശതമാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആരോഗ്യരംഗത്തിന് കിട്ടണം. അത് 1.24 ലക്ഷം കോടി വരും. പക്ഷേ വകയിരുത്തിയത് 69,234 കോടി മാത്രം. 48 ശതമാനം കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും അതിന് മുന്‍ബത്തെ വര്‍ഷവും ഇതുതന്നെയായിരുന്നു അവസ്ഥ. 2019 20ല്‍ പൊതുജനാരോഗ്യത്തിന് ജി.ഡി.പിയുടെ 1.4 ശതമാനം ലക്ഷ്യം വച്ചെങ്കിലും പരിസരത്ത് എത്തിയില്ല. കേന്ദ്രം ഒരുലക്ഷം കോടിയും സംസ്ഥാനങ്ങള്‍ 1.84 കോടിയും ചെലവാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ കേന്ദ്രവിഹിതം 66,500 കോടിയായി താണു. സംസ്ഥാനങ്ങളുടെ വിഹിതം വര്‍ദ്ധിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ വിഹിതം 78% വര്‍ദ്ധിക്കേണ്ട സ്ഥാനത്ത് ഉണ്ടായത് 18% വര്‍ദ്ധനവ് മാത്രം. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2019-20ല്‍ സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചത് 1.97 ലക്ഷം കോടി രൂപയാണ്. മേഖലയിലെ മൊത്തം പൊതുചെലവിന്റെ 75% വരും ഈ തുക. വിഭാവനം ചെയ്തതിലും .11 ലക്ഷം കോടി അധികമായിരുന്നു ഇത്. ജി.ഡി.പിയില്‍ 7.5% വളര്‍ച്ചയും നാണയപ്പെരുപ്പ നിരക്ക് 4% വും കണക്കാക്കിയാണ് കേന്ദ്രം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് കൂടുതല്‍ പണം വിനിയോഗിക്കാന്‍ സാധ്യത കുറവാണ്. സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താല്‍ സര്‍ക്കാരിന് ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചേ പറ്റൂ. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകളില്‍ ഒന്നും ചെയ്യുക സാധ്യമല്ലതാനും. നിലവില്‍ തരുന്ന തോതിലെ വിഹിതം കിട്ടിയാല്‍ കിട്ടി എന്നതാണ് സാമ്ബത്തിക സ്ഥിതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍