നിര്‍ഭയ കേസില്‍ കേന്ദ്രത്തിന്റെ ഹരജി തള്ളി: വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് കോടതി


ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ ഒരാഴ്ചക്കകം നിയമ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു. വിധി ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു.
നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് റദ്ദാക്കിയ ഡല്‍ഹി പട്യാല ഹൗസ് കോടതി നടപടിക്കെതിരെ ആഭ്യന്തര മന്ത്രാലയവും തീഹാര്‍ ജയില്‍ അധികൃതരും നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം തള്ളിയ കോടതി, എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം ബോധ്യപ്പെട്ട കോടതി, എല്ലാ നിയമ നടപടികളും ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തക്ക് മാത്രമാണ് ഇനി നിയമ വഴികള്‍ ബാക്കിയുള്ളത്. തിരുത്തല്‍ ഹരജിയും ദയാഹര്‍ജിയും ഒരാഴ്ചക്കകം നല്‍കേണ്ടിവരും. വിചാരണക്കോടതിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് കൂടി നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി. ഫെബ്രുവരി ഒന്നിന് നടക്കേണ്ടിയിരുന്ന മരണ വാറണ്ട് ജനുവരി 31ന് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍