കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സൂചന. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ രാഹുലിനെ വീണ്ടും നേതൃപദവിയില്‍ അവരോധിക്കുമെന്നാണ് സൂചന.അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. 2017 ഡിസംബറിലെ പ്ലീനറി സമ്മേളനത്തില്‍ അദ്ധ്യക്ഷ സ്ഥാനമേറ്റ രാഹുല്‍ കഴിഞ്ഞ ജൂലായിലാണ് രാജിവച്ചത്. തുടര്‍ന്ന് സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി നിയമിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി അദ്ധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തക സമിതി ഇടപെട്ട് അദ്ധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരെ ഉണര്‍ത്താനും വോട്ടര്‍മാരെ പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ അഭിപ്രായത്തെ പിന്താങ്ങി ശശി തരൂര്‍ എം.പി രംഗത്തെത്തി. അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതി അന്തിമ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. പ്രവര്‍ത്തക സമിതി പാസാക്കിയ പ്രമേയം വായിക്കാതെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്നും സന്ദീപ് ദീക്ഷിതിനെ പരോക്ഷമായി പരാമര്‍ശിച്ച് സുര്‍ജെവാല വിശദീകരിച്ചു. പ്രസ്താവന നടത്തുന്നതിന് പകരം സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം മെച്ചപ്പെടുത്താനാകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലെത്തിച്ച് നേതൃ നിര ശക്തിപ്പെടുത്താനും ആലോചനയുണ്ട്. മദ്ധ്യപ്രദേശില്‍ ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റില്‍ പ്രിയങ്കയെ നിറുത്താനാണ് നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍