ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചു, മറുപടിയുമായി സുരേഷ് ഗോപി

വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ചിത്രം റീലീസായതിന് ശേഷം സുരേഷ് ഗോപി സിനിമയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിന്റെ സ്റ്റില്ലാണ് പുറത്തുവിട്ടിരിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് പുറത്തുവരന്ന റിപ്പോര്‍ട്ടുകള്‍. ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്ന് സീന്‍ ഒഴിവാക്കണമെന്നും ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി. 'ഒരിക്കലുമല്ല... ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണ്. സുരേഷ് ഗോപി കുറിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍