ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി

മലപ്പുറം: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രഫ.സി രവീന്ദ്രനാഥ്. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 141 പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഫെബ്രുവരിയോടെ ഈ സ്‌കൂളുകളിലെ ക്ലാസ് മുറികളെല്ലാം ഹൈടെക്കാകും. മാര്‍ച്ചോടെ സന്പൂര്‍ണ പ്രഖ്യാപനം നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നൂറ് പോയിന്റ് നേട്ടം കൈവരിക്കാനാണ് ശ്രമം. ഭൗതിക സാഹചര്യ വികസനത്തിനൊപ്പം അക്കാദമിക രംഗത്തും ഉയര്‍ച്ച ഉണ്ടാകണം. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ശാസ്ത്രീയ പരിശീലനങ്ങളിലൂടെ അധ്യാപകരും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആധുനിക വിദ്യാഭ്യാസം നല്‍കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. ജനകീയത, ആധുനികത, മാനവികത ഇതു മൂന്നും കൂടിച്ചേര്‍ന്നുള്ളതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. പുസ്തകങ്ങള്‍ അറിവിന്റെ കേന്ദ്രമായതിനാല്‍ സ്‌കൂളുകളില്‍ മികച്ച ലൈബ്രറികള്‍ ഒരുക്കണം. ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈജ്ഞാനിക മണ്ഡലത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന സമൂഹമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.അബ്ദുറഹ്മാന്‍ എംഎല്‍എ അധ്യക്ഷനായി.ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍