ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കലാപത്തിന്റെ ഇടയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സന്ദര്‍ശനം. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും രണ്ട് അംഗങ്ങളുമാണ് സന്ദര്‍ശിക്കുക. കലാപം പൊട്ടിപ്പുറപ്പെട്ട ജഫറാബാദില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ ശക്തമായ സമരം നടന്ന സ്ഥലമാണ് ജഫറാബാദ്. അഞ്ഞൂറില്‍ ഏറെ സ്ത്രീകള്‍ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിച്ചിരുന്നു. ഷഹീന്‍ബാഗ് മോഡല്‍ സമരവുമായി കുത്തിയിരുന്ന സ്ത്രീകളുള്‍പ്പടെയുള്ള സമരക്കാരെ കേന്ദ്രസേന ഒഴിപ്പിക്കുകയായിരുന്നു. ജഫറബാദും മുസ്തഫാബാദും അക്രമികള്‍ അഴിഞ്ഞാടിയ ഇടമാണ്. ജഫറാബാദും ചന്ദ്ബാഗും അടക്കമുള്ള കലാപബാധിത പ്രദേശങ്ങളില്‍ വീടുകള്‍ കത്തിനശിച്ചവരും മറ്റും എല്ലാം ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ വീട് പൊലീസ് സീല്‍ ചെയ്തു.ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ വെച്ച് 34 പേരും എല്‍ എന്‍ ജെ പിയില്‍ 3 പേരും അടക്കം 38 പേര്‍ മരിച്ചു എന്നാണ് ഒടുവിലത്തെ കണക്ക്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ക്രമസമാധാന നില സാധാരണ നിലയില്‍ ആയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അക്രമം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍