സെന്‍സസ് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം;ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ സെന്‍സസ് നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസ് സാധാരണ നടപടിയാണ്. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍സസിലൂടെ എന്‍പിആറിനു വേണ്ടി വിവരശേഖരണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെന്‍സസ് ഉദ്യോഗസ്ഥരുടെയും എന്യുമറേറ്റര്‍മാരുടെയും നിയന്ത്രണം കേന്ദ്രത്തിനെന്ന് നോട്ടീസ് അവതരിപ്പിച്ച കെ.എം. ഷാജി ആരോപിച്ചു. ആശങ്ക ഇപ്പോഴും നിലവിലുണ്ട്. ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ്. മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നും ഷാജി പറഞ്ഞു.
എന്‍പിആറുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കെടുത്തത്. യോഗത്തിലേക്ക് ബംഗാള്‍ പോയില്ലെന്നും ബംഗാളില്‍ ആണിനേക്കാള്‍ ശക്തയായ പെണ്ണാണ് ഭരിക്കുന്നതെന്നും ഷാജി പറഞ്ഞു. അതേസമയം, ഷാജിയുടെ പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് എം. സ്വരാജ് ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍