ട്രെയിനില്‍ കവര്‍ച്ച; അന്വേഷണസംഘം ചെന്നൈയില്‍

കോഴിക്കോട്: ട്രെയിനില്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണ മോഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചെന്നൈയില്‍. ട്രെയിന്‍ പുറപ്പെട്ട സ്ഥലത്തുനിന്നു മോഷണം നടന്ന ട്രെയിനുകളില്‍ കമ്പാര്‍ട്ട്‌മെന്റിലെ അതേ സീറ്റില്‍ യാത്രചെയ്ത് അന്വേഷിക്കുന്നതിനായാണ് ഒരു സംഘം ചെന്നൈയില്‍ എത്തിയത്. കൂടാതെ ചെന്നൈ കേന്ദ്രീകരിച്ച് ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്നവരെയും നേരത്തേ പ്രതികളായുള്ളവരുടെയും വിവരങ്ങളും ശേഖരിച്ചുവരികയാണ്.
രണ്ടു ദിവസത്തെ അന്വേഷണത്തിനായാണ് പ്രത്യേക സംഘത്തെ ചെന്നൈയിലേക്ക് അയച്ചതെന്നും രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചെത്തുമെന്നും പാലക്കാട് റെയില്‍വേ പോലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ചെന്നൈ സ്വദേശികള്‍ അവരുടെ ബന്ധുക്കള്‍ക്കും മറ്റും ആഭരണങ്ങളുടെ ഫോട്ടോ വാട്‌സ്ആപ് ചെയ്തിരുന്നു. ഈ ഫോട്ടോയില്‍ നഷ്ടപ്പെട്ട മുഴുവന്‍ ആഭരണങ്ങളുടെയും വ്യക്തമായ ചിത്രങ്ങളാണുള്ളത്. ഈ ചിത്രങ്ങള്‍ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍വഴി എല്ലാ സ്വര്‍ണക്കടക്കാര്‍ക്കും ലഭിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഈ മാതൃകയിലുള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ ജ്വല്ലറികളില്‍ എത്തുകയാണെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കയിട്ടുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു.സ്വര്‍ണാഭരണങ്ങളുമായി പുറപ്പെട്ട ചെന്നൈ സ്വദേശികള്‍ രാത്രി 10.30 ന് ഉറങ്ങാന്‍ കിടന്നതായാണ് മൊഴി നല്‍കിയത്. പിന്നീട് പുലര്‍ച്ചെ തിരൂരില്‍ എത്തിയപ്പോഴാണ് ഉണര്‍ന്നത്. അപ്പോഴേയ്ക്കും സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് 12ന് ഫോണ്‍കോള്‍ വന്നിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനായുള്ള വിളിയായിരുന്നു അതെന്നാണ് അവരുടെ മൊഴി. മുകള്‍ ബര്‍ത്തിലായിരുന്നു ഇവര്‍. താഴെ കിടന്നിരുന്ന സ്ത്രീയായിരുന്നു സ്വര്‍ണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഫോണ്‍ വന്ന സമയത്ത് ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം, സിസിടിവി പരിശോധന പുരോഗമിക്കുന്നുണ്ടെന്നും ഡിവൈഎസ്പി അറിയി.ഈറോഡ് വരെ മാത്രമാണ് റെയില്‍വേ സ്‌റ്റേഷനില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നത്. പിന്നീട് കോഴിക്കോട് മാത്രമാണുള്ളത്. കോയമ്പത്തൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ സിസി ടിവിയുണ്ടെങ്കിലും ഈ വഴിയല്ല ട്രെയിന്‍ പോയത്. അതിനാല്‍ സമീപത്തെ സ്ഥാപനങ്ങളിലും മറ്റുമുള്ള സിസിടിവി ദൃശ്യം പരിശോധിക്കുന്നത് സങ്കീര്‍ണമാണ്. ഇത് പരിശോധിക്കുന്നതിനും ശേഖരിക്കുന്നതിനും മാത്രമായി ഒരു സംഘം ശ്രമിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍