ഇനി വനിത പൊലീസില്ല എല്ലാവരും പൊലീസ്

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഇനി 'വനിതാ' പൊലീസില്ല, എല്ലാവരും പൊലീസുകാര്‍ മാത്രം. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിതയെന്നു ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. വനിതാ പൊലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുന്‍പു സേനയിലെത്തിയവരും (ക്ലോസ്ഡ് വിംഗ്), അതിനു ശേഷമെത്തിയവരും. മുന്‍പ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്. ഐ, വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫീസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമെന്നായി. എന്നാല്‍ വനിതാ പൊലീസുകാര്‍ സ്ഥാനപേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടര്‍ന്നു. ഈ അവസ്ഥയെത്തുടര്‍ന്നാണ് ഡി.ജി.പി പുതിയ നിര്‍ദേശം പുറത്തിറക്കിയത്. 2011ലെ ഉത്തരവ് ഉടന്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍