വിഐപി യാത്ര: 822 കോടി കിട്ടാനുണ്ടെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ യാത്രകള്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തു നല്‍കിയ ഇനത്തില്‍ 822 കോടി രൂപ കുടിശിക കിട്ടാനുണ്ടെന്ന് എയര്‍ ഇന്ത്യ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടമായി വാങ്ങിയ ടിക്കറ്റ് ഇനത്തില്‍ 526.14 കോടി രൂപ കിട്ടാനുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ കമാന്‍ഡര്‍ ലോകേഷ് ബത്ര നല്‍കിയ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനു പുറമേ വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിച്ച ഇനത്തില്‍ 9.67 കോടി രൂപയും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുടെ യാത്രയുമായി ബന്ധപ്പെട്ട് 12.65 കോടി രൂപയും കുടിശികയുണ്ട്. വിവിഐപികളുടെ കണക്ക് 2019 നവംബര്‍ 30 വരെയുള്ളതാണെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടിശിക കാര്യം 2019 മാര്‍ച്ച് 31 വരെയുള്ളതാണ് വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങള്‍ നല്‍കുമ്പോള്‍ അതാത് മന്ത്രാലയങ്ങളാണ് അതിന്റെ യാത്രപ്പടി നല്‍കേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്കുകളില്‍ 236.16 കോടി മൂന്നു വര്‍ഷത്തേതാണെന്നും 281.82 കോടി രൂപ തിരിച്ചു കിട്ടാത്ത ഇനത്തില്‍ പെടുത്തിയവയാണെന്നും എയര്‍ ഇന്ത്യ വിശദമാക്കുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 8556 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് ഉളളത്. 60,000 കോടിയോളമാണ് കടബാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍