6.83 ലക്ഷം തൊഴിലവസരങ്ങള്‍ നികത്തിയിട്ടില്ല: കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലായി 6.83 ലക്ഷം തൊഴില്‍ അവസരങ്ങള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര പേഴ്‌സണല്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇക്കാര്യം അറിയിച്ചത്.
2018 മാര്‍ച്ച് ഒന്നു വരെയുള്ള കണക്കുകള്‍ മാത്രമാണിത്. ഇതേ കാര്യം 2019 നവംബറിലും കേന്ദ്ര പേഴ്‌സണല്‍, പെന്‍ഷന്‍ മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലും വ്യക്തമാക്കിയിരുന്നു. നടപ്പു വര്‍ഷത്തില്‍ യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവ 1.34 പുതിയ തൊഴിലവസരങ്ങള്‍ക്കായി ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് ഗ്രൂപ്പ് സി വിഭാഗത്തില്‍ 5,74,289 ഒഴിവുകളും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 89,638 ഒഴിവുകളും ഗ്രൂപ്പ് എ വിഭാഗത്തില്‍ 19,896 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു.
സാമ്പത്തികമാന്ദ്യം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയും ഒഴിവുകള്‍ നികത്താതിരിക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയായി നില്‍ക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രം ഇത്രയും വലിയ തോതില്‍ ഒഴിവുകള്‍ നികത്താതെ കിടക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്ലെന്നും രാജ്യത്ത് തൊഴില്‍നഷ്ടം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇതുവരെ വിശദീകരിച്ചിരുന്നത്. എന്നാല്‍, 2018 മാര്‍ച്ച് ഒന്നു വരെയുള്ള അവസ്ഥ തന്നെ അതിഭീകരമാണെന്നു സര്‍ക്കാര്‍തന്നെ രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍