അടിസ്ഥാന സൗകര്യമൊരുക്കാന്‍ കെല്‍സയ്ക്ക് 6.5 ലക്ഷം രൂപ നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: പ്രളയത്തെത്തുടര്‍ന്നുള്ള നഷ്ടപരിഹാരക്കേസുകളുടെ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പണം നല്‍കണമെന്നും കംപ്യൂട്ടറുകളും മറ്റും വാങ്ങാനുള്ള അടിയന്തര സഹായമായി 6.5 ലക്ഷം രൂപ കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് (കെല്‍സ) നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. നഷ്ടപരിഹാരക്കേസുകളിലെ അപ്പീലുകള്‍ വേര്‍തിരിക്കുന്നതിനും മറ്റുമായി മൂന്നു ജീവനക്കാരെ അനുവദിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പണം നല്‍കണമെന്ന് നിര്‍ദേശിച്ചത്. 2018 ലെ പ്രളയത്തെത്തുടര്‍ന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നതടക്കമുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അപ്പീലുകള്‍ പരിഗണിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കെല്‍സയെയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചുമതലപ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന മൂന്നു ജീവനക്കാര്‍ക്കു പുറമേ കെല്‍സയുടെ രണ്ടു ജീവനക്കാരും അപ്പീല്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുണ്ടാകും. മൂന്നുമാസത്തേക്ക് ഈ സംവിധാനം തുടരാന്‍ നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഇതിനകം അപ്പീലുകള്‍ തീര്‍പ്പാക്കുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി മൂന്നു മാസം കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍