അതിവേഗ റെയിലില്‍ പ്രവാസി ഓഹരി 6000 കോടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറില്‍ കാസര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന സെമിഹൈസ്പീഡ് റെയില്‍വേയില്‍ 6000 കോടിയുടെ ഓഹരി പ്രവാസികള്‍ക്ക് നല്‍കും. 7720കോടിയുടെ ഓഹരിയും സാങ്കേതികസഹായവും വാഗ്ദാനം ചെയ്തിരുന്ന റെയില്‍വേ, ഓഹരിവിഹിതം കുറച്ച് വിദേശവായ്പ കൂട്ടണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതോടെയാണ് പ്രവാസികള്‍ക്ക് ഓഹരി നല്‍കുന്നത്. റെയില്‍വേയുടെ വിഹിതം കുറച്ചാല്‍ സംസ്ഥാനത്തിന്റെ വിഹിതവും കുറയ്ക്കണം. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഓഹരിയെടുക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിലവില്‍ പ്രവാസികള്‍ക്ക് ഓഹരിയുണ്ട്. സംസ്ഥാനത്തെ ബാങ്കുകളില്‍ 1.54ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമുണ്ട്. പ്രതിവര്‍ഷം 11500 കോടിയുടെ വര്‍ദ്ധനയുമുണ്ട്. പലിശയില്ലാതെ സുരക്ഷിതനിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്കും സെമിഹൈസ്പീഡ് റെയിലില്‍ ഓഹരിയെടുക്കാം. പ്രവാസിപങ്കാളിത്തം തേടി ഗള്‍ഫിലും യൂറോപ്പിലും നിക്ഷേപകസമ്മേളനങ്ങള്‍ നടത്തും. ചില പൊതുമേഖലാസ്ഥാപനങ്ങളും ഓഹരിയെടുക്കും. 66,405കോടി രൂപയാണ് സെമിഹൈസ്പീഡ് റെയിലിന്റെ പദ്ധതി ചെലവ്, 2024ല്‍ പൂര്‍ത്തിയാവുമ്‌ബോള്‍ 70,000കോടിയാവും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 100കോടി മാത്രമാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 51കോടി സംസ്ഥാനവിഹിതവും 49കോടി റെയില്‍വേയുടെ വിഹിതവുമാണ്. സ്ഥലമെടുപ്പിന് മാത്രം 8,656 കോടി വേണം. സ്ഥലമെടുപ്പിന് ബഡ്ജറ്റ് വിഹിതമുണ്ടാവും. ബാക്കിപണം കിഫ്ബിയില്‍ നിന്ന് അനുവദിക്കും. സെമിഹൈസ്പീഡ് റെയിലിന്റെ അന്തിമ അലൈന്‍മെന്റ് ഫെബ്രുവരി അവസാനത്തോടെ തയ്യാറാവും. വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) മാര്‍ച്ചില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചാലേ ഓഹരിയും വിദേശവായ്പയും സ്വീകരിക്കാനാവൂ. ബീജിംഗ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ഷാങ്ഹായ് ആസ്ഥാനമായ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (എന്‍.ഡി.ബി), ഫ്രഞ്ച് വികസനബാങ്ക് (എ.എഫ്.ഡി), ഏഷ്യന്‍ വികസനബാങ്ക് (എ.ഡി.ബി), ജര്‍മ്മന്‍ബാങ്ക്, ലോകബാങ്ക് എന്നിവയും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിദേശവായ്പയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) ഉടന്‍ കേരളത്തിലെത്തും. 35000കോടിയാണ് വിദേശവായ്പയെടുക്കേണ്ടത്. ജൈക്കയ്ക്ക് ഒറ്റത്തവണയായി ഇതു നല്‍കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍