കൊറോണ: മരണം 492

ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേര്‍ ചൈനയിലും ഫിലിപ്പിയന്‍സിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 24,000 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതില്‍ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. വിഷയത്തില്‍ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേര്‍ വീടുകളിലും, 100പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംശയാസ്പദമായവരുടെ 190 സാമ്പബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 118 എണ്ണം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍