നമസ്‌തേ ട്രംപ് ടിവിയില്‍ കണ്ടത് 4.6 കോടി പ്രേക്ഷകര്‍

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച നമസ്‌തെ ട്രംപ് പരിപാടി ടെലിവിഷനില്‍ എത്രപേര്‍ കണ്ടുവെന്നതുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പുറത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന പരിപാടി ഇന്ത്യയിലുടനീളം 180 ടിവി ചാനലുകളില്‍ നിന്നായി 4.6 കോടി ജനങ്ങളാണ് തത്സമയം കണ്ടത്. പ്രമുഖ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക്(ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) സര്‍ക്കാരിന് നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. 180 ഓളം ടിവി ചാനലുകളില്‍ നമസ്‌തെ ട്രംപ് പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യയിലെ മാത്രം കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും കാണാന്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ എത്തി. ഒരു കോടി ആളുകള്‍ സ്റ്റേഡിയത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍